കോട്ടയം ∙ കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി വിചാരണ നടത്താൻ സെഷൻസ് കോടതി ഉത്തരവ്. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫ് (23) ദുരഭിമാനക്കൊലയ്ക്ക് ഇരയായി എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. അതിവേഗ കോടതിയിൽ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണം. തുടങ്ങുന്ന അന്നു മുതൽ ദിവസവും വിചാരണ നടത്തണം.
ആദ്യ സമൻസ് തീയതി മുതൽ 6 മാസമെന്നു കണക്കാക്കുന്നതിനാൽ ഏപ്രിൽ പത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. കുറ്റം ചുമത്തുന്നതു സംബന്ധിച്ച വാദം 21നു നടക്കും. കേസ് ദുരഭിമാനക്കൊലയുടെ പരിധിയിൽപ്പെടുത്തി വിചാരണ ചെയ്യുന്നതു മുൻവിധിക്കിടയാക്കുമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ക്രൈസ്തവ സമുദായത്തിൽ ജാതിവ്യത്യാസങ്ങളില്ലെന്നും പ്രതിഭാഗം വാദിച്ചു. ദുരഭിമാനക്കൊലക്കേസുകൾ പ്രത്യേക പരിഗണന നൽകി വിചാരണ ചെയ്യണമെന്ന സുപ്രീം കോടതി വിധിയെ ആസ്പദമാക്കിയാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്. കാലതാമസം ഒഴിവാക്കാൻ കഴിയുമെന്നതാണു മെച്ചം.
തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം കെവിനെ പെൺകുട്ടിയുടെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടു പോയി തെന്മല ചാലിയേക്കരയ്ക്കു സമീപം തോട്ടിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കേസിൽ നീനു മുഖ്യസാക്ഷിയാണ്. പ്രതികൾ നീനുവിന്റെ വീട്ടുകാർ അടക്കമുള്ളവരായതിനാൽ കേസ് വൈകുന്നതു സാക്ഷിയെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതര സമുദായാംഗമായ കെവിൻ, നീനുവിനെ വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്നു സാനു പറഞ്ഞതായുള്ള മൊഴികളും ഹാജരാക്കി. നീനുവിന്റെ പിതാവ് ചാക്കോ ജോസഫ് കേസിൽ 5ാം പ്രതിയാണ്.