Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചുവിട്ടു

biju-ajayakuma-kevin-murder പൊലീസ് നടപടിക്കു വിധേയരായ എഎസ്ഐ ടി.എം.ബിജു, ഡ്രൈവര്‍ എം.എന്‍.അജയകുമാർ (ഫയൽ ചിത്രം)

കോട്ടയം ∙ കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ ടി.എം.ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്‍റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ച വന്നതായി സൂചിപ്പിച്ച് ഐജി വിജയ് സാഖറെ അടക്കം രംഗത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നായിരുന്നു ഇരുവർക്കുമെതിരെയുള്ള കേസ്.   

ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്ഐ ടി.എം.ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്നു കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുക്കാതിരിക്കാനാണു കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണു ബിജു മൊഴി നൽകിയത്.

കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു, നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ പരാതി നൽകിയവരുടെ പക്കൽനിന്നു ലഭിച്ച ഫോൺ നമ്പരിലാണു വിളിച്ചത്. ഫോൺ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോ ആയിരുന്നു. ഫോൺ വയ്ക്കുന്നതിനു മുമ്പ് എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നതു ബിജു കേട്ടു.

ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാൻ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയിൽ എഎസ്ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്പോർട്ടും നോക്കി. ഇതിലെ വിലാസവും രാവിലെ ഫോൺ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പകരം പ്രതികളിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങി.