ജിഎസ്ടി: കേരളം ഭേദപ്പെട്ട നിലയിൽ; 10 സംസ്ഥാനങ്ങൾക്ക് വൻനഷ്ടം

ന്യൂഡൽഹി∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടു സംസ്ഥാനങ്ങളുടെ വരുമാനക്കണക്കിൽ കേരളം ഭേദപ്പെട്ട നിലയിൽ. ഈ സാമ്പത്തിക വർഷം കാര്യമായ നഷ്്ടമോ നേട്ടമോ ഉണ്ടാക്കിയിട്ടില്ലെന്നാണു കണക്ക്. 

അതേസമയം, പുതുച്ചേരി (42 %), പഞ്ചാബ്, ഹിമാചൽപ്രദേശ് (36 %), ഉത്തരാഖണ്ഡ് (35 %), ജമ്മു കശ്മീർ (28 %), ഛത്തീസ്ഗഡ് (26 %), ഗോവ (25 %), ഒഡീഷ (24%), കർണാടക, ബിഹാർ (20%) എന്നീ 10 സംസ്ഥാനങ്ങൾക്കു വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. 

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും നഷ്ടമുണ്ടായ മിസോറം, അരുണാചൽ പ്രദേശ്, മണിപ്പുർ, നാഗാലാൻഡ്, സിക്കിം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നില മെച്ചപ്പെടുത്തുകയും െചയ്തു. വരുമാനം മെച്ചപ്പെടുത്താൻ കേന്ദ്ര ധനമന്ത്രാലയം ഈ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു.

സംസ്ഥാനങ്ങളുടെ നഷ്ടം നികത്താൻ കേന്ദ്രം നൽകുന്ന തുകയുടെ കാര്യത്തിലും കുറവു പ്രകടമാണ്. ജൂൺ–ജൂലൈ കാലയളവിൽ 14,930 കോടി രൂപ നൽകിയ സ്ഥാനത്ത് ഓഗസ്റ്റ്– സെപ്റ്റംബർ കാലയളവിൽ 11,900 കോടിയാണു നൽകിയത്.

ഒക്ടോബറിൽ കേരളം ഒന്നാമത്

ഒക്ടോബറിൽ ദേശീയതലത്തിൽ ജിഎസ്ടി വരുമാനവളർച്ച 6.6 % ആണെങ്കിൽ കേരളത്തിന്റേത് 44 % ആണ് (1817 കോടി രൂപ). രാജ്യത്ത് ഒന്നാമത്. സെപ്റ്റംബറുമായി (1,177.2 കോടി) താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കാണിത്. പ്രളയത്തെത്തുടർന്നു സെപ്റ്റംബറിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതിൽനിന്നു കരകയറിയതാണ് ഒക്ടോബറിലെ മികച്ച പ്രകടനത്തിനു കാരണം. കഴിഞ്ഞ വർഷം ഒക്ടോബറുമായുള്ള താരതമ്യത്തിൽ കേരളത്തിന്റെ വളർച്ച 16 %.