കുവൈത്ത് സിറ്റി ∙ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ടെറൻസ് മാത്തുപ്പുറവും കുടുംബവും പൂർണമായും വിശ്വസിക്കുന്നു, കുവൈത്തിലെ പ്രളയത്തിനിടെ രക്ഷകനായി ദൈവം ഒരു സ്വദേശിയുടെ രൂപത്തിൽ എത്തിയതാണെന്ന്. ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിങ് പൂർത്തിയാക്കി താമസസ്ഥലമായ ഫഹാഹീലിലെ സൂഖ് സബാഹിലേക്കു പുറപ്പെട്ട സ്വകാര്യ ക്ലിനിക്കിലെ പാരാമെഡിക്കൽ ജീവനക്കാരനായ ടെറൻസും ഭാര്യ പ്രിയയും മകൾ ഒരുവയസുകാരി ഹെയ്സലും വെള്ളപ്പൊക്കത്തിൽ വഴിയിൽ കുടുങ്ങുകയായിരുന്നു.
സ്വദേശികൾ താമസിക്കുന്ന മേഖലയിൽ ചെളിയിൽ പുതഞ്ഞ ടാക്സി ഒരിഞ്ചു മുന്നോട്ടു നീങ്ങാനാവാത്ത അവസ്ഥയിലായി. കടന്നുപോകുന്ന വാഹനങ്ങൾക്കെല്ലാം സഹായംതേടി കൈനീട്ടിയെങ്കിലും വെറുതെയായി. ഒരാളാകട്ടെ, സഹായാഭ്യർഥന നിഷ്കരുണം നിരസിച്ചു. പിഞ്ചുകുഞ്ഞുള്ളതുകൊണ്ടാണെന്നു കെഞ്ചിയപ്പോഴും അവഗണിച്ച് ആൾ മുന്നോട്ട് പോയി. എന്നാൽ പിന്നീട് ഇദ്ദേഹം തിരിച്ചുവന്നു. ക്ഷമ ചോദിക്കുകയും വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.
നിർത്താതെ പോയതു ശരിയായില്ലെന്നു പിന്നീട് തോന്നിയെന്നും താമസസ്ഥലത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം വീട്ടിൽ താമസിക്കാൻ സൗകര്യം ഏർപ്പെടുത്താമെന്ന് ഉറപ്പും നൽകി. ദുരിത വഴികളിലൂടെ അദ്ദേഹം അവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. എന്നാൽ രക്ഷകനായെത്തിയ സ്വദേശിയുടെ പേരു ചോദിക്കാൻ പോലും വിട്ടുപോയി, ഒന്നുകണ്ടു നന്ദിപറയണമെന്നുണ്ട് ടെറൻസിനും കുടുംബത്തിനും.