കുവൈത്ത് സിറ്റി∙ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാൻ കഴിയാത്ത വിദേശികളെ ഉന്നത തസ്തികകളിൽ നിന്നു താഴ്ന്നവയിലേക്കു മാറ്റി കുവൈത്ത് മാൻപവർ അതോറിറ്റി. ആയിരക്കണക്കിനു പേർക്കെതിരെ നടപടിയെടുത്തെന്നാണു റിപ്പോർട്ട്. ചിലരുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും കണ്ടെത്തി. ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കു തൊഴിൽ അനുമതി രേഖ പുതുക്കണമെങ്കിൽ സർട്ടിഫിക്കറ്റുകളുടെ സാധുത തെളിയിക്കണമെന്ന പുതിയ നിബന്ധന അനുസരിച്ചാണു നടപടി.
സർട്ടിഫിക്കറ്റുകൾ അതതു രാജ്യത്തെ ആധികാരിക ഏജൻസികളും കുവൈത്തിലെ അംഗീകൃത സംവിധാനവും അറ്റസ്റ്റ് ചെയ്യണമെന്നാണു ചട്ടം. എന്നാൽ പലർക്കും അറ്റസ്റ്റേഷൻ കിട്ടിയില്ല, ചിലർക്കാകട്ടെ സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അവർ വഹിക്കുന്ന പദവികളിൽ തൊഴിൽ അനുമതി പുതുക്കൽ തടഞ്ഞുവയ്ക്കുകയാണ്. പകരം ഉന്നത വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത തസ്തികകൾ മാറ്റി നൽകും.
അതേസമയം, ഉയർന്ന പദവിയിൽ ജോലി ചെയ്തവർ അതേസ്ഥാപനത്തിൽ തന്നെ താഴ്ന്ന തസ്തികകളിലേക്കു മാറാൻ വൈമുഖ്യം കാട്ടുന്നതായും രാജ്യം വിടുന്നതായും റിപ്പോർട്ടുണ്ട്. വിദേശികളുടെ എണ്ണം കൂടുന്നതിനു തടയിടാനുള്ള പദ്ധതിയുടെ കൂടി ഭാഗമായാണു കർശന സർട്ടിഫിക്കറ്റ് പരിശോധന.