Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പജ്യോതി പ്രയാണം തുടങ്ങി; 7 സംസ്ഥാനങ്ങളിലെ 5 കോടി ഭവനങ്ങളിൽ ജ്യോതി തെളിക്കും

ayyappa-jhyothy അയ്യപ്പജ്യോതി പ്രയാണത്തിനു തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ മുഞ്ചിറമഠം സ്വാമിയാർ പുരുഷോത്തമ ബ്രഹ്മാനന്ദതീർത്ഥ തുടക്കമിടുന്നു.

തിരുവനന്തപുരം ∙ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 7 സംസ്ഥാനങ്ങളിലെ 5 കോടി ഭവനങ്ങളിൽ തെളിയിക്കാൻ ശബരിമലയിൽനിന്നു പകർന്ന അയ്യപ്പജ്യോതിയുടെ പ്രയാണത്തിനു തുടക്കമായി. നൂറു കണക്കിനു ഭക്തരുടെ അകമ്പടിയോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള ഭക്തർ ജ്യോതി ഏറ്റുവാങ്ങി.

ശബരിമല സന്നിധാനത്തുനിന്നു തന്ത്രി കണ്ഠര് രാജീവര് പകർന്നു നൽകിയ ജ്യോതി നേരത്തേ തലസ്ഥാനത്ത് എത്തിച്ചിരുന്നു. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വീടുകളിലും ശാസ്താ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമാണു ജ്യോതി തെളിക്കുക.

ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഈശ്വരൻ നമ്പൂതിരി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർക്കു ദീപം പകർന്നു നൽകി. മുഞ്ചിറമഠം സ്വാമിയാർ പുരുഷോത്തമ ബ്രഹ്മാനന്ദതീർത്ഥ ഉദ്ഘാടനം ചെയ്തു. ഗണേശോത്സവ ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായരുടെ അധ്യക്ഷതയിൽ സ്വാമി ഗൗജപാദാനന്ദപുരി, സൂര്യപീഠം മഠാധിപതി സൂര്യേന്ദ്ര മഹാരാജ്, എൻഎസ്എസ് കന്യാകുമാരി ജില്ലാ പ്രസിഡന്റ് വിജയകുമാർ, അയ്യപ്പ ധർമരക്ഷാ സമിതി തമിഴ്നാട് ഭാരവാഹികളായ കൃഷ്ണൻ, രാജേന്ദ്രൻ, പെരിങ്ങമ്മല അജി, സ്വാമിനി ദേവിപ്രിയ തുടങ്ങിയവർ പങ്കെടുത്തു. ഗണേശോത്സവ ട്രസ്റ്റ്, ശ്രീ മണികണ്ഠ സേവാ സംഘം, അയ്യപ്പ ധർമരക്ഷാ സമിതി, ശിവസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണു ജ്യോതി പ്രയാണം.