Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും

തിരുവനന്തപുരം ∙ മത്സ്യത്തൊഴിലാളികൾക്ക് 25.36 കോടി രൂപയുടെ നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 15,000 മത്സ്യബന്ധന യാനങ്ങൾക്കാണു നാവിക് ഉപകരണം ലഭിക്കുക. 1500 കിലോമീറ്റർ വരെ കവറേജ് ഏരിയ ഉളള നാവിക് മുഖേന ചുഴലിക്കാറ്റ്, സൂനാമി, ഭൂചലനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, രാജ്യാന്തര അതിർത്തി, മത്സ്യബന്ധന സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നൽകാനാകും.

ഐഎസ്ആർഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോൺ ആണ് നാവിക് ഉപകരണങ്ങൾ നിർമിച്ചു നൽകുക. 15,000 ഉപകരണങ്ങൾക്ക് 15.93 കോടി രൂപ ചെലവു വരും. തീരദേശ ജില്ലകളിൽ നിന്നു 12 നോട്ടിക്കൽ മൈലിൽ കൂടുതൽ ദൂരെ മീൻ പിടിക്കാൻ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരിൽ നിന്നു 15000 പേരെ തിരഞ്ഞെടുക്കും.

ആയിരം മത്സ്യത്തൊഴിലാളികൾക്കാണ് 9.43 കോടി രൂപ ചെലവിൽ സാറ്റലൈറ്റ് ഫോൺ നൽകുന്നത്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ തമ്മിൽ ആശയവിനിമയം നടത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഇത് സഹായകമാകും. ബിഎസ്എൻഎല്ലുമായി സഹകരിച്ചാണ് ഇതു നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 94,261 രൂപയാണു വില.

ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നൽകണം. നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് (ഓഖി ഫണ്ട്) ചെലവഴിക്കും. 40,000 മത്സ്യത്തൊഴിലാളികൾക്കു ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 6.1 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. ലൈഫ് ജാക്കറ്റിന് ഓരോ തൊഴിലാളിയും 250 രൂപ നൽകണം.

ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ട 8 പേർക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേർക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നൽകും. കോഴിക്കോട് ജില്ലയിൽ ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ നഷ്ടപ്പെട്ട പുത്തൻപുരയിൽ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. 

related stories