Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്ര ചുഴലിക്കാറ്റിനു സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

sea-weather-alert

തിരുവനന്തപുരം ∙ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്, തീവ്ര ചുഴലിയായി മാറാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ്‌, തെക്കുപടിഞ്ഞാറു ഭാഗങ്ങളിലായാണു ചുഴലിക്കാറ്റ് രൂപപ്പെട്ടത്. പടിഞ്ഞാറ്– വടക്കുപടിഞ്ഞാറ് ഭാഗത്തേക്കു മണിക്കൂറിൽ 18 കിലോമീറ്റർ വേഗത്തിലാണു കാറ്റു നീങ്ങുന്നത്. അടുത്ത 24  മണിക്കൂറിൽ ഇതു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണു പ്രവചനം.

പടിഞ്ഞാറ്- വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് 5 ദിവസംകൊണ്ടു തെക്കൻ ഒമാൻ, യെമൻ തീരങ്ങളിലേക്കു ചുഴലിക്കാറ്റു നീങ്ങാനാണു സാധ്യത. അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്കു ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയായേക്കും. മത്സ്യതൊഴിലാളികൾ ഇന്നു മുതൽ 12 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.