Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13 മീൻപിടിത്തക്കാരെ കോസ്റ്റ് ഗാർഡ് ‘രക്ഷിച്ചു’ കടലിൽ തള്ളി

fishermen യന്ത്രത്തകരാറിനെത്തുടർന്നു ലക്ഷദ്വീപിനു സമീപം കടലിൽ ബോട്ടിൽ കുടുങ്ങിക്കിടക്കുന്ന മൽസ്യത്തൊഴിലാളികൾ.

തിരുവനന്തപുരം ∙ ബോട്ട് കേടായതിനെത്തുടർന്നു അറബിക്കടലിൽ നിന്നു കോസ്റ്റ് ഗാർഡ് ‘രക്ഷിച്ച’ 5 മലയാളികൾ ഉൾപ്പെടെ 13 മൽസ്യത്തൊഴിലാളികൾ ലക്ഷദ്വീപിലെ മിത്ര ദ്വീപിനടുത്ത് ഇപ്പോഴും കടലിൽ. ശക്തമായ കാറ്റിൽ ബോട്ട് ഏതു നിമിഷവും അപകടത്തിൽപ്പെടാവുന്ന സ്ഥിതിയാണ്.

തീരത്തിനു രണ്ടു കിലോമീറ്റർ അകലെയെത്തിച്ച ശേഷം കോസ്റ്റ് ഗാർഡിന്റെ കപ്പൽ സ്ഥലംവിട്ടെന്നു ബോട്ടിലുള്ള ഉടമ ക്ലീറ്റസ് ഫോണിൽ മനോരമയോടു പറഞ്ഞു. ബോട്ടിൽ വെള്ളവും ഭക്ഷണവും തീർന്നു. അതിനു മുൻപ് കോസ്റ്റ്ഗാർഡിന്റെ കപ്പലിലെ ജീവനക്കാരുടെ തുണിയും ടർപോളിനും കഴുകിച്ചെന്നും തൊഴിലാളികൾ പരാതിപ്പെട്ടു. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടും ഇപ്പോഴും മരണമുഖത്താണു തൊഴിലാളികൾ.

കൊച്ചിയിൽ നിന്ന് ഒക്ടോബർ 15നു പോയ ബോട്ടിൽ വിഴിഞ്ഞത്തിനടുത്തുള്ള കരുംകുളത്തെ അഞ്ച് മലയാളികളാണുള്ളത്. മറ്റുള്ളവർ തമിഴ്നാട്, ഉത്തരേന്ത്യൻ തൊഴിലാളികളാണ്. മൽസ്യബന്ധനത്തിനു ശേഷം മടങ്ങുന്നതിനിടെ മംഗളൂരുവിൽ നിന്ന് 240 നോട്ടിക്കൽ മൈൽ അകലെയാണു കഴിഞ്ഞ ശനിയാഴ്ച ബോട്ടിന്റെ എൻജിൻ കേടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണു കർണാടകയിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് കപ്പലായ ‘വിക്രം’ എത്തിയത്.

തൊഴിലാളികളെ കപ്പലിൽ കയറ്റി ബോട്ട് കെട്ടിവലിച്ച് മിത്ര ദ്വീപിനടുത്തെത്തിച്ച ശേഷം അവർ മടങ്ങുകയായിരുന്നു. അതിനിടെയാണു കപ്പലിൽ അടിമപ്പണി ചെയ്യിച്ചത്. ശരിയായ രീതിയിൽ പണി ചെയ്തില്ലെന്നു കുറ്റപ്പെടുത്തിയാണ് കരയ്ക്കെത്തിക്കാതിരുന്നതെന്നാണു മൽസ്യത്തൊഴിലാളികൾ പറയുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ നീന്തി കരയ്ക്കെത്താനും കഴിയുന്നില്ല.

സ്വതന്ത്രമൽസ്യത്തൊഴി ഫെഡറേഷൻ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഫിഷറീസ് വകുപ്പിനെയും വിവരം അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ടുവരെയും നടപടിയുണ്ടായിട്ടില്ല. ലക്ഷദ്വീപ് കോസ്റ്റ് ഗാർഡിനെ സമീപിച്ചെങ്കിലും ഔദ്യോഗികനിർദേശം ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് അവരുടെ നിലപാട്.

related stories