കൊച്ചി ∙എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം.ഷഹലയെ കണ്ണൂർ സർവകലാശാലയിൽ റാങ്ക് പട്ടിക മറികടന്നു കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. അഭിമുഖത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ.എം.പി. ബിന്ദുവിന്റെ ഹർജിയിലാണ് ഉത്തരവ്. പൊതുമെറിറ്റിൽ ഒന്നാംസ്ഥാനത്തുള്ള വ്യക്തിക്കു നിയമനം നൽകണമെന്നു കോടതി നിർദേശിച്ചതിനാൽ ഹർജിക്കാരിക്കു നിയമനം ലഭിക്കും.
സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എംഎഡ് വിഭാഗത്തിലാണു ഷഹലയെ നിയമിച്ചത്. പൊതുനിയമനത്തിനു വേണ്ടി വിജ്ഞാപനമിറക്കി അഭിമുഖം നടത്തിയ ശേഷം സംവരണം എന്ന പേരിൽ രണ്ടാം റാങ്കുകാരിയെ നിയമിക്കുകയായിരുന്നു. അഭിമുഖത്തിൽ ഷഹലയ്ക്കു രണ്ടാം റാങ്ക് ലഭിച്ചതോടെയാണ് നിയമനം സംവരണ അടിസ്ഥാനത്തിലാക്കാൻ സർവകലാശാല തീരുമാനിച്ചതെന്നാണ് ആരോപണം. ഒബിസി വിഭാഗത്തിലുള്ള ഷഹലയെ സംവരണ ചട്ടപ്രകാരമാണു നിയമിച്ചതെന്നായിരുന്നു കോടതിയിൽ സർവകലാശാലയുടെ വിശദീകരണം.
എന്നാൽ വിജ്ഞാപനം പൊതുനിയമനത്തിനായിരുന്നെന്നും കരാർ നിയമനങ്ങളിൽ സർവകലാശാല സംവരണചട്ടം പാലിക്കാറില്ലെന്നും ഹർജിക്കാരി വാദിച്ചു. ഒഴിവ് സംവരണ വിഭാഗത്തിലാണെന്നു നിയമന വിജ്ഞാപനത്തിൽ പറഞ്ഞിരുന്നില്ലെന്നു കോടതി വിലയിരുത്തി. ഒറ്റ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുമ്പോൾ സംവരണം പരിഗണിക്കരുതെന്ന സുപ്രീം കോടതി വിധിയും കോടതി ചൂണ്ടിക്കാട്ടി. സംവരണചട്ടം അനുസരിച്ചാണെങ്കിൽ പോലും നിയമനം ക്രമവിരുദ്ധമാണെന്നും ഹർജിക്കാരി വാദിച്ചു.
ഈ പഠനവകുപ്പിൽ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അർഹതപ്പെട്ടതാണെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ തൊട്ടുമുൻപു നിയമനം ലഭിച്ചത് സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥിക്കാണെന്നും എംഎൽഎയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറൽ വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.