ശബരിമല ∙ പൊലീസിന്റെ നിയന്ത്രണങ്ങളും സംഘർഷഭീതിയും മൂലം ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും നടവരവിലും ഗണ്യമായ കുറവ്. ഇന്നലെ അവധി ദിവസമായിട്ടും തിരക്കു കുറവായിരുന്നു. നിലയ്ക്കലിൽനിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകൾ വിട്ടതിനാൽ പതിനെട്ടാംപടി കയറാൻ ഒരു സമയത്തും ക്യൂ ഉണ്ടായില്ല. നട തുറന്ന് ആദ്യ 4 ദിവസങ്ങളിൽ ദർശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞവർഷം ഇതേസമയം 2 ലക്ഷത്തിലേറെപ്പേർ എത്തിയിരുന്നു. 4 ദിവസത്തെ ദേവസ്വം ബോർഡിന്റെ വരുമാനം 10 കോടി രൂപ തികഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഇതു 15.91 കോടിയായിരുന്നു. നടയടച്ച ശേഷം പമ്പയിൽനിന്നു സന്നിധാനത്തേക്കു മലകയറുന്നതിനുള്ള നിയന്ത്രണം ഇന്നലെയും തുടർന്നു. മുംബൈ കല്യാണിൽ നിന്നുള്ള 110 അംഗ തീർഥാടക സംഘം സമയ നിയന്ത്രണത്തിലുള്ള ആശങ്ക മൂലം ദർശനം നടത്താതെ മടങ്ങി.
കെഎസ്ആർടിസിയുടെ കണക്കു പ്രകാരം ഇന്നലെ 24,220 തീർഥാടകരാണ് എത്തിയത്. നിയന്ത്രണം കാരണം കെഎസ്ആർടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്. പത്തനംതിട്ട ഡിപ്പോയുടെ വരുമാനത്തിൽ മാത്രം മുൻ വർഷത്തെക്കാൾ ഒരു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. പമ്പയ്ക്കു സർവീസ് ആരംഭിച്ച ഈ മാസം 12 മുതൽ 19 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 5.85 ലക്ഷം രൂപ വരുമാനം ലഭിച്ച സ്ഥാനത്ത് ഇത്തവണ 4.72 ലക്ഷം മാത്രം. തിരക്കു കുറഞ്ഞതിനാൽ 50 ബസുകൾ മറ്റു ഡിപ്പോകളിലേക്കു മാറ്റി.
ചെങ്ങന്നൂരിലും കോട്ടയത്തും പത്തനംതിട്ടയിലും ടാക്സി വാഹനങ്ങൾക്കും കാര്യമായ ഓട്ടമില്ലാതായി. തീർഥാടനകാലത്തെ ആശ്രയിച്ചു ജീവിക്കുന്ന ട്രാക്ടർ, ഡോളി തൊഴിലാളികൾക്കും ചുമട്ടുകാർക്കും കാര്യമായ പണിയില്ല. കച്ചവടക്കാരുടെ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ട്. വൻതുകയ്ക്കു കടകൾ ലേലത്തിൽ പിടിച്ചവർ ഇന്നലെ പമ്പയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമായും യുഡിഎഫ് സംഘവുമായും ആശങ്ക പങ്കുവച്ചു. അതേസമയം, തിരക്കു വർധിച്ചതായാണു ദേവസ്വം ബോർഡിന്റെ അവകാശവാദം. 19, 20 തീയതികളിൽ പതിനായിരങ്ങളെത്തിയെന്നു പറയുന്ന വാർത്തക്കുറിപ്പിൽ കൃത്യമായ കണക്കില്ല.
സന്നിധാനത്ത് 2 സ്ഥലത്ത് നാമജപ പ്രതിഷേധം
ശബരിമല ∙ തുടർച്ചയായ മൂന്നാം ദിവസവും സന്നിധാനത്ത് നാമജപ പ്രതിഷേധം. ശരണം വിളിക്കുന്നവരുടെ പേരിൽ പൊലീസ് കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി നിരോധനാജ്ഞ ലംഘിച്ച് രണ്ടിടത്തു നാമ ജപ പ്രതിഷേധം തുടങ്ങിയത്. വി.മുരളീധരൻ എംപിയുടെ നേതൃത്വത്തിൽ വടക്കേ നടയിലും മറ്റൊരു സംഘം മാളികപ്പുറം താഴെ തിരുമുറ്റത്തുമാണ് ശരണം വിളിച്ചത്. രണ്ടിടത്തും ഇവരെ വളഞ്ഞ് പൊലീസ് ഉണ്ടായിരുന്നു. ഹരിവരാസനം പാടി നട അടച്ചതോടെ നാമജപം അവസാനിപ്പിച്ച് സംഘങ്ങൾ പിരിഞ്ഞുപോയി.
സാവകാശ ഹർജി: നാളെ നമ്പർ ലഭിച്ചേക്കും
ന്യൂഡൽഹി ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നൽകിയ സാവകാശ ഹർജിയിൽ നാളെ ഡയറി നമ്പർ ലഭിച്ചേക്കും. എങ്കിലും ഹർജി പരാമർശിച്ച്, വേഗത്തിൽ പരിഗണന വേണമെന്ന് ആവശ്യപ്പെടാൻ ബോർഡ് താൽപര്യപ്പെടുന്നില്ലെന്നാണു സൂചന. വനഭൂമി വിട്ടുനൽകാൻ കോടതി നിർദേശിച്ചാൽ, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി യുവതീപ്രവേശം സാധ്യമാക്കാമെന്നാണു ബോർഡിന്റെ നിലപാട്.