ലോക്സഭയിൽ അംഗമായിരിക്കേ നിര്യാതനാകുന്ന പത്താമത്തെ മലയാളിയാണ് വയനാടിന്റെ പ്രതിനിധിയായ എം.ഐ. ഷാനവാസ്. ഇതേ ലോക്സഭയിൽ തന്നെ അംഗമായിരിക്കെ ഇ. അഹമ്മദ് (മലപ്പുറം) 2017 ഫെബ്രുവരി ഒന്നിന് നിര്യാതനായി.
തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിൽ അംഗമായിരിക്കെ മൂന്നു പേർ നിര്യാതരായി – പി.എസ്. നടരാജപിള്ള (1966 ജനുവരി 10, മൂന്ന്), വി.കെ. കൃഷ്‌ണമേനോൻ (1974 ഒക്‌ടോബർ 6, അഞ്ച്), പി.കെ. വാസുദേവൻ നായർ (2005 ജൂലൈ 12, പതിനാല്). എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ സേവ്യർ അറയ്‌ക്കൽ (1997 ഫെബ്രുവരി 9, പതിനൊന്ന്), ജോർജ് ഈഡൻ (2003 ജൂലൈ 26, പതിമൂന്ന്) എന്നിവരാണ് മരണമടഞ്ഞത്.
കേന്ദ്രമന്ത്രിയായിരിക്കേ നിര്യാതനായ ആദ്യ മലയാളിയാണ് പനമ്പിള്ളി ഗോവിന്ദമേനോൻ (1970 മേയ് 23, മുകുന്ദപുരം, നാല്). ഡോ.കെ.ജി. അടിയോടി (1987 ഒക്‌ടോബർ 22, കോഴിക്കോട്, എട്ട്) ആണ് നിര്യാതരായ മറ്റൊരാൾ. (നിര്യാതരായ തീയതിയും പ്രതിനിധീകരിച്ച നിയോജകമണ്ഡലവും അംഗമായിരുന്ന ലോക്‌സഭയുമാണ് ബ്രാക്കറ്റിൽ). എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന സി.എം.സ്‌റ്റീഫൻ അന്തരിക്കുമ്പോൾ (1984 ജനുവരി 16) കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. അഞ്ചാം ലോക്സഭയിൽ അംഗമായിരിക്കെ നിര്യാതനായ (1972 ഏപ്രിൽ 5) മഞ്ചേരിയുടെ പ്രതിനിധി മുഹമ്മദ് ഇസ്‌മഈൽ സാഹിബ് മലയാളിയല്ല. ജന്മസ്‌ഥലം പഴയ മദ്രാസിൽ (ഇന്നത്തെ തമിഴ്‌നാട്) ആണ്.
രാജ്യസഭയിൽ അംഗമായിരിക്കെ സി.കെ. ഗോവിന്ദൻ നായർ (1964 ജൂൺ 27), തഴവാ കേശവൻ (1969 നവംബർ 28), ടി.കെ.സി. വടുതല (1988 ജൂലൈ ഒന്ന്), പി. കെ. കുഞ്ഞച്ചൻ (1991 ജൂൺ 14), എൻ.ഇ. ബലറാം (1994 ജൂലൈ 16) കൊരമ്പയിൽ അഹമ്മദ് ഹാജി (2003 മേയ് 12), വി.വി. രാഘവൻ (2004 ഒക്‌ടോബർ 27) എന്നീ കേരള പ്രതിനിധികൾ നിര്യാതരായി. ഒറീസയിൽ നിന്നുള്ള കെ. വാസുദേവ പണിക്കരും നിര്യാതനായി (1988 മേയ് 3). കേന്ദ്രമന്ത്രി പദത്തിലിരിക്കുമ്പോൾ മരണമടയുന്ന (2005 ഡിസംബർ 18) രണ്ടാമത്തെ മലയാളിയാണു ലക്ഷദ്വീപുകാരനായ പി.എം. സഈദ്. ഡൽഹിയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.