കൊച്ചി ∙ 'ഒരുപക്ഷേ ഇനി നമ്മള്‍ കണ്ടേക്കില്ല' - എം.ഐ. ഷാനവാസിന്റെ ആ വാക്കുകള്‍ അറംപറ്റിയപ്പോള്‍ സഹപ്രവര്‍ത്തകനും സ്‌നേഹിതനും എന്ന നിലയില്‍ മുല്ലപ്പള്ളിയുടെ നെഞ്ചില്‍ ഏല്‍പിച്ച മുറിവ് ചില്ലറയല്ല. സഹപ്രവര്‍ത്തകന്റെ കബറടക്കം കഴിഞ്ഞ് ഓര്‍മകളുമായി ഒത്തുകൂടുമ്പോള്‍ നെഞ്ചുവിങ്ങി, കണ്ണുകള്‍ കലങ്ങിയാണു മുല്ലപ്പള്ളി അത് ഓര്‍മിച്ചെടുത്തത്.
അന്ത്യ യാത്രാമൊഴി ആരെ സംബന്ധിച്ചായാലും വേദനാജനകമാണ്. പ്രത്യേകിച്ചും ജീവിത മേഖലയില്‍ ഇണങ്ങിയും പിണങ്ങിയും ദീര്‍ഘകാലം ഒരുമിച്ചു ജനസേവനം നടത്തിയവരാകുമ്പോള്‍. എം.ഐ. ഷാനവാസ് എംപിയുടെ കബടക്കശേഷം എറണാകുളം ടൗണ്‍ഹാളില്‍ ഓര്‍മകളുമായി ഒത്തുചേര്‍ന്നതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. നിറകണ്ണുകളോടെയാണു രമേശ് ചെന്നിത്തല പ്രിയ സുഹൃത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എംഐ ഷാനവാസിന്റെ വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കേരളത്തില്‍ തിരുത്തല്‍വാദത്തിന് തുടക്കമിട്ട ത്രിമൂര്‍ത്തികളായിരുന്നു ഷാനവാസും ചെന്നിത്തലയും കാര്‍ത്തികേയനും. ഷാനവാസിന്റെ ഓര്‍മകളില്‍ കണ്ണീരണിഞ്ഞ്, വാക്കുകള്‍ കിട്ടാന്‍ വിഷമിക്കുന്ന രമേശ് ചെന്നിത്തലയെ ആണ് കൊച്ചിയിലെ അനുശോചനയോഗത്തില്‍ കണ്ടത്. തിരുത്തല്‍വാദത്തിന് തുടക്കമിട്ട നാളുകള്‍ അനുസ്മരിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകള്‍.
‘‘കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒരുമിച്ച് നിന്ന് ഒരു പ്രത്യേക രാഷ്ട്രീയ നിലപാട് സ്വീകരിച്ചവരായിരുന്നു ഞാനും ഷാജിയും ജി.കാര്‍ത്തികേയനും. കാര്‍ത്തികേയന്‍ ആദ്യം പോയി. ഇപ്പോള്‍ ഷാജിയും. ആ മൂന്നു പേരില്‍ ഇനി ഞാന്‍ മാത്രം...’’ സങ്കടം വാക്കുകളെ മുറിച്ചതോടെ തൊണ്ട ഇടറി ചെന്നിത്തല നിര്‍ത്തി. തുടര്‍ന്നു സംസാരിച്ചാല്‍ നിയന്ത്രണം വിട്ടുപോകുമെന്ന് മനസിലായതോടെ ഷാനവാസിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് ചെന്നിത്തല കസേരയിലേക്ക് മടങ്ങി.
അവസാന യാത്രപറച്ചിലിന്റെ ഓര്‍മകളില്‍ മുല്ലപ്പള്ളി വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. ഷാനവാസുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചാണ് മുല്ലപ്പള്ളിയ്ക്ക് പറയാനുണ്ടായിരുന്നത്. ചെന്നൈയിലേക്ക് ചികില്‍സയ്ക്ക് പോകും മുന്പ് ഒരു ദിവസം രാവിലെ ഏഴുമണിക്ക് ഷാനവാസ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുല്ലപ്പള്ളിയുടെ മുറിയിലേക്കെത്തി. മുന്നറിയിപ്പൊന്നുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷാനവാസിന്റെ വരവ്.
മുല്ലപ്പള്ളിയുടെ ഭാര്യയും മകളുമായി ഏറെ നേരം വര്‍ത്തമാനം പറഞ്ഞ ഷാനവാസ് അവസാനം അവരോട് അടുത്ത മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഒറ്റയ്ക്കായതോടെ മുല്ലപ്പള്ളിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ‘‘ഒരുപക്ഷേ ഇനി നമ്മള്‍ കണ്ടേക്കില്ല’’ എന്ന് പറഞ്ഞു കരഞ്ഞ ഷാനവാസിനെ ഏറെ പണിപ്പെട്ടാണ് മുല്ലപ്പള്ളി ആശ്വസിപ്പിച്ചത്.
പല തവണ രോഗങ്ങളെ തോല്‍പിച്ചെത്തിയ ഷാനവാസ് ഇത്തവണയും തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു മുല്ലപ്പള്ളി. പക്ഷേ ഷാനവാസ് പറഞ്ഞതുപോലെ അതവരുടെ അവസാന കൂടിക്കാഴ്ചയായി.
ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ ഷാനവാസിനെ കാണാന്‍ മുല്ലപ്പള്ളി എത്തിയെങ്കിലും ആ സമയം വെന്റിലേറ്ററിലായിരുന്നു ഷാനവാസ്. വീണ്ടും ഒരു യാത്രപറയല്‍ വേണ്ടിവരില്ലെന്ന് ഷാനവാസിന് അറിയാമായിരുന്നെന്നു തോന്നുന്നു - സങ്കടം ഉള്ളിലൊതുക്കി മുല്ലപ്പള്ളി വാക്കുകള്‍ക്ക് വിരാമമിട്ടു.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഷാനവാസിന്‍റെ മൃതദേഹം കൊച്ചി കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിലാണ് കബറടക്കിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.
കേരളത്തിലെ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും ഒരുമിച്ച് പ്രിയനേതാവിന് യാത്രാമൊഴിയേകി. പത്തു മണിയോടെ എറണാകുളം നോർത്തിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിലെത്തിച്ചു. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരം നടത്തി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യാത്രാമൊഴി. ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡൻറുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ശശി തരൂർ എംപി തുടങ്ങി ഒട്ടേറെ നേതാക്കൾ പങ്കടുത്തു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.