കൊച്ചി∙ കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായിരുന്ന എം.ഐ ഷാനവാസിന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഷാനവാസിന്റെ മൃതദേഹം കൊച്ചി കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കേരളത്തിലെ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും ഒരുമിച്ച് പ്രിയനേതാവിന് യാത്രാമൊഴിയേകി. പത്തു മണിയോടെ എറണാകുളം നോർത്തിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിലെത്തിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരം നടത്തി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യാത്രാമൊഴി.
ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡൻറുമാരായ കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ശശി തരൂർ തുടങ്ങി ഒട്ടേറെ നേതാക്കൾ പങ്കടുത്തു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാരത്തിന് ശേഷം കെപിസിസിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.