കൊച്ചി ∙ പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിച്ചതു കണക്കിലെടുത്തു പൊതുമേഖല എണ്ണ വിപണന കമ്പനികളായ ഐഒസിഎൽ, എച്ച്പിസിഎൽ,ബിപിസിഎൽ എന്നിവ ചേർന്നു മാഹിയുൾപ്പെടെ കേരളത്തിൽ 1731 പുതിയ പമ്പുകൾ അനുവദിക്കും. ഗ്രാമീണ േമഖലയിൽ 771 എണ്ണവും അർബൻ, സെമി അർബൻ ഉൾപ്പെടുന്ന റെഗുലർ വിഭാഗത്തിൽ 960 പമ്പുകളുമാണു അനുവദിക്കുക. ലളിതമായ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ നൽകാമെന്നു സ്റ്റേറ്റ് റീട്ടെയിൽ ഹെഡ് (ഐഒസി) നവീൻ ചരൺ പറഞ്ഞു. നാലര വർഷത്തിനു ശേഷമാണു സംസ്ഥാനത്തു പമ്പുകൾക്ക് ലൈസൻസ് നൽകുന്നത്.
2005 പമ്പുകളാണു ഇപ്പോൾ സംസ്ഥാനത്തുളളത്. റൂറലിൽ 30 ലക്ഷവും അർബനിൽ 40 മുതൽ 75 ലക്ഷം രൂപ വരെയാണു പുതിയ പമ്പിനു നിക്ഷേപം. അർബൻ വിഭാഗത്തിൽ ഉപവിഭാഗങ്ങൾക്കനുസരിച്ചു നിക്ഷേപത്തുകയിൽ വ്യത്യാസം വരുമെന്നു ബിപിസിഎൽ സ്റ്റേറ്റ് ഹെഡ് (റിട്ടെയിൽ) പി.വെങ്കിട്ടരാമൻ, ചീഫ് റീജനൽ മാനേജർ (എച്ച്പിസിഎൽ) സറബ്ജിത്ത് സിങ് എന്നിവർ പറഞ്ഞു. രാജ്യത്തു പ്രതിവർഷം പെട്രോളിന് 8 ശതമാനവും ഡീസലിനു 4 ശതമാനവും വിൽപന വർധനയാണുളളത്.എന്നാൽ കേരളത്തിൽ പ്രളയം മൂലം ഡീസൽ വിൽപന 3% കുറഞ്ഞിട്ടുണ്ട്. പെട്രോൾ വിൽപനയിൽ 4% വർധനവുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ ഡീസൽ വിലകുറഞ്ഞതും ടൂറിസം രംഗത്തുണ്ടായ മാന്ദ്യവുമാണു ഡീസൽ വിൽപന കുറയാൻ കാരണം പുതിയ പമ്പുകൾ കൂടുതൽ എറണാകുളം ജില്ലയിലും (275) കുറവു വയനാട്ടിലുമാണ് (33). മാഹിയിൽ 5 പമ്പ് അനുവദിക്കും. 10–ാം ക്ലാസ് ജയിച്ച 21നും 60നും ഇടയിലുളളവർക്കു അപേക്ഷിക്കാം. എൻആർഐകൾക്കു അപേക്ഷിക്കാൻ കഴിയില്ല. ഭൂമിയില്ലാത്തവർക്കും അപേക്ഷിക്കാം. ആവശ്യപ്പെടുമ്പോൾ ഭൂമി ലഭ്യമാക്കിയാൽ മതി.തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രം യോഗ്യത രേഖകൾ സമർപ്പിച്ചാൽ മതിയാകും. നറുക്കെടുപ്പ് കംപ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. വെബ്സൈറ്റ്– www.petrolpumpdealerchayan.in. അവസാന തീയതി–ഡിസംബർ 24