ശബരിമല ∙ സന്നിധാനത്ത് വീണ്ടും കൂട്ട അറസ്റ്റ്. ബാരിക്കേഡുകൾ കെട്ടിത്തിരിച്ച സ്ഥലത്തിനകത്ത് കയറി സംഘം ചേർന്നു നാമജപം നടത്തിയ നാൽപ്പതോളം പേരുൾപ്പെടെ 74 പേരെയാണ് ഇന്നലെ രാത്രി ഹരിവരസാനത്തിനു ശേഷം അറസ്റ്റ് ചെയ്തത്. ഇവരെ രാത്രി തന്നെ പൊലീസ് വലയത്തിൽ പമ്പയിലേക്കു കൊണ്ടുപോയി. അവിടെ നിന്ന് 12 മണിയോടെ മണിയാർ ക്യാംപിലേക്കു മാറ്റി.
രാത്രി പത്തോടെയാണ് ബാരിക്കേഡിനു പുറത്ത് സന്നിധാനം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു താഴെയായി ആദ്യം ഒരു സംഘം നാമജപം ആരംഭിച്ചത്. ഇവിടെ പൊലീസ് എത്തി ഇവരെ വളഞ്ഞു നിന്നു. നിരോധനാഞ്ജ നിലനിൽക്കുന്നിടമാണെന്നും സംഘം ചേരരുതെന്നും ഇതിനിടെ മെഗാഫോണിൽ പൊലീസ് അറിയിച്ചു. എന്നാൽ നാമജപം തുടർന്നു. ഇതിനിടെ ബാരിക്കേഡ് കെട്ടിത്തിരിച്ചതിനകത്തു നിന്ന് പെട്ടെന്ന് മറ്റൊരു സംഘം നാമജപം ആരംഭിക്കുകയായിരുന്നു. ബാരിക്കേഡുകൾക്കിടെ തുറന്നു കിടക്കുന്ന ചെറിയ വഴിയിലൂടെ ഒറ്റയ്ക്കൊറ്റയ്ക്കു മാത്രമാണ് ആളുകളെ പൊലീസ് അകത്തേക്കു കടത്തിവിട്ടിരുന്നത്. ഇങ്ങനെ അകത്തു കയറിയവർ പെട്ടെന്നു സംഘമായി വാവരു നടയ്ക്കു മുൻപിൽ ഇരുന്നു നാമജപം ആരംഭിച്ചത് പൊലീസിനെ ഞെട്ടിച്ചു. എസ്പി ശിവ വിക്രം ഈ സമയം കൂടുതൽ പൊലീസുകാരെ ഇങ്ങോട്ടു വിളിച്ചുവരുത്തി. ബാരിക്കേഡിനു പുറത്തും അകത്തുമായി നാമജപം തുടർന്നു. പൊലീസ് ഇരു സംഘങ്ങളുടെയും നാമജപങ്ങൾ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു.
10.30ന് ബാരിക്കേഡിന് അകത്തിരുന്നവർ നാമജപവുമായി തന്നെ പുറത്തേക്കു കടക്കാനെത്തിയപ്പോൾ ബാരിക്കേഡുകൾ വലിച്ച് വഴിയടയ്ക്കാൻ എസ്പി നിർദേശിച്ചു. ഇവർക്കു ചുറ്റിലുമായി പൊലീസിനെ വിന്യസിക്കുകയും ചെയ്തു. ഇവിടെ നിന്നു കൊണ്ടും ഈ സംഘം നാമജപം തുടർന്നു. ഹരിവരാസനം ആരംഭിച്ചതോടെ ഇരുസംഘവും നാമജപം നിർത്തി. ഹരിവരാസനം കഴിഞ്ഞയുടൻ ആദ്യം, ബാരിക്കേഡിനു പുറത്തിരുന്നു നാമം ജപിച്ച സംഘത്തോടു പമ്പയിലേക്കു കൊണ്ടുപോകുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കാവലിൽ ഇവർ നടപ്പന്തലിൽ എത്തിയതോടെ ബാരിക്കേഡുകൾ തുറന്ന് അകത്തിരുന്ന സംഘത്തെയും ഇരുവശവും പൊലീസ് കാവൽ നിന്നുകൊണ്ട് പുറത്തിറക്കി. ഇവരോടും പമ്പയിലേക്കു കൊണ്ടുപോകുകയാണെന്ന് പൊലീസ് അറിയിച്ചു. അന്യായമായി സംഘം ചേർന്നതിനാണ് അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. പമ്പയിലെത്തിയ ശേഷം, സംഘത്തിൽ ഉണ്ടായിരുന്ന ചാത്തന്നൂർ സ്വദേശിയായ കുട്ടിയെയും അച്ഛനെയും പൊലീസ് പറഞ്ഞുവിട്ടു.
കഴിഞ്ഞ 18ന് രാത്രിയാണ് സന്നിധാനത്ത് ആദ്യ അറസ്റ്റ് നടക്കുന്നത്. അന്ന് 69 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിനു ശേഷം 22ന് രാത്രി സംഘം ചേർന്ന് നാമജപം നടത്തിയതിനു 100 പേർക്കെതിരെ കേസെടുക്കുകയുമുണ്ടായി. കോട്ടയം ജില്ലയിലെ ചങ്ങനാശേരി, പൊൻകുന്നം, പാലാ ഭാഗങ്ങളിലുള്ളവരാണ് ഒരു സംഘത്തിലുണ്ടായിരുന്നതെന്നും രാഷ്ട്രീയ ക്രിമിനൽ കേസുകളിലെ പ്രതികളും സംഘത്തിലുണ്ടെന്നും എസ്പി എസ്.ഹരിശങ്കർ അറിയിച്ചു.