സുധ മരിച്ചത് നിപ്പ മൂലമാകാമെന്ന് മറ്റൊരു പഠന റിപ്പോർട്ട് കൂടി

വി.സുധ

കോഴിക്കോട് ∙ മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗം എക്സ്റേ അറ്റൻഡർ വി.സുധയുടെ മരണകാരണം നിപ്പയാകാമെന്ന വെളിപ്പെടുത്തലുമായി മറ്റൊരു പഠന റിപ്പോർട്ട്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി.സജീത് കുമാർ, മെഡിസിൻ വിഭാഗം മേധാവി ഡോ. എൻ.കെ.തുളസീധരൻ എന്നിവരടങ്ങുന്ന സംഘം തയാറാക്കി ‘ജേണൽ ഓഫ് ദി അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ’യിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഡോ. ജി.അരുൺകുമാർ, രാജീവ് സദാനന്ദൻ എന്നിവരടങ്ങുന്ന സംഘം തയാറാക്കി ദ് ജേണൽ ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും നിപ്പ പിടിപെട്ടു മരിച്ച ആദ്യ ആരോഗ്യവകുപ്പ് ജീവനക്കാരി സുധയാണെന്നു സൂചിപ്പിച്ചിരുന്നു.

സർക്കാരിന്റെ കണക്കുപ്രകാരം പേരാമ്പ്ര താലൂക്കാശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി പുതുശ്ശേരി മാത്രമാണു നിപ്പ പിടിപെട്ടു ജീവൻ നഷ്ടപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരി. സാഹചര്യത്തെളിവുകളാണു 2 റിപ്പോർട്ടുകളുടെയും അടിസ്ഥാനം. ലാബ് പരിശോധന നടത്താത്തതിനാൽ സുധയുടെ മരണം നിപ്പ മൂലമാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിപ്പ ആദ്യം പിടിപെട്ടതെന്നു കരുതുന്ന ചങ്ങരോത്തെ സാബിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുവന്നപ്പോഴാണു സുധയ്ക്കു രോഗം പിടിപെട്ടതെന്നു കരുതുന്നു.