കോഴിക്കോട്∙ കഴിഞ്ഞ മേയിൽ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് വീണ്ടുമൊരിക്കൽക്കൂടി സംസ്ഥാനത്തെ കീഴ്പ്പെടുത്തുന്നതു തടയാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിപ്പ വൈറസിന്റെ വ്യാപനം ഡിസംബറിൽ തുടങ്ങുമെന്നതിനാൽ ജനത്തിനു ജാഗ്രതാ നിർദേശം നൽകണമെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ആവശ്യപ്പെട്ടു. വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുതെന്നു മുന്നറിയിപ്പു നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
ഡിസംബർ മുതൽ ജൂൺ വരെയാണു നിപ്പ വൈറസിന്റെ വ്യാപനകാലം. അതിനാൽ വവ്വാൽ കടിച്ച പഴങ്ങളോ പച്ചക്കറികളോ ഭക്ഷിക്കരുത്. വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും കഴിക്കാവൂ. അവ വൃത്തിയായി കഴുകുന്നതിനെ സംബന്ധിച്ചുള്ള കൃത്യമായ നിർദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിക്കണം.
ശ്വസന സംബന്ധമായ രോഗങ്ങളുമായി (എആർഡിഎസ്) വരുന്നവരെ പരിശോധിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതൽ സംബന്ധിച്ചു ജില്ലാ, താലൂക്ക് ആശുപത്രികൾക്കു പ്രത്യേക നിർദേശം കൊടുക്കണം. ചുമയുമായി വരുന്നവരെ ‘കഫ് കോർണറി’ലേക്കു മാറ്റണം. അവർക്കു മാസ്ക് ധരിക്കാൻ കൊടുക്കണം. ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ തൂവാല ഉപയോഗിച്ചു വായ മൂടണമെന്നും നിർദേശം നൽകണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നൽകിയ കുറിപ്പിൽ രാജീവ് സദാനന്ദൻ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മേയിലുണ്ടായ നിപ്പ ബാധയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 പേർ മരിച്ചു. രണ്ടു പേർ രോഗത്തിൽനിന്നു രക്ഷ നേടി. ആദ്യം മരിച്ചയാളുടെ മരണം നിപ്പമൂലമാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. 18 പേർക്കു രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ, നിപ്പ ലക്ഷണങ്ങളോടെ 4 പേർ കൂടി മരിച്ചുവെന്നു പ്രത്യേക പഠനസംഘം തയാറാക്കി രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയതു വിവാദമായിരുന്നു. ആകെ 23 പേർക്കു രോഗം ബാധിച്ചെന്നായിരുന്നു പഠനസംഘത്തിന്റെ കണ്ടെത്തൽ.