Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെസ് പറയാം; നോ പറ്റില്ല! സാലറി ചാലഞ്ചിൽ പിന്നെയും സർക്കാരിന്റെ ഇരട്ടത്താപ്പ്

Salary-Donation-2

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം നാളെ ആരംഭിക്കാനിരിക്കെ സാലറി ചാലഞ്ചിൽ പുതുതായി ചേരാനുള്ള അവസരം ധനവകുപ്പ് നിലനിർത്തുകയും പിൻമാറാനുള്ള സൗകര്യം ഒഴിവാക്കുകയും ചെയ്തു.

നാളെ വിതരണം തുടങ്ങുന്ന ഇൗ മാസത്തെ ശമ്പളം മുതൽ സാലറി ചാലഞ്ചിൽ ചേരാനും പിന്മാറാനും കഴിയില്ലെന്നായിരുന്നു സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരെ (ഡിഡിഒ) ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിലൂടെ സർക്കാർ കഴിഞ്ഞ മാസം അറിയിച്ചത്. എന്നാൽ, ചേരാൻ മാത്രം അവസരം നിലനിർത്തുന്നത് ഇരട്ടത്താപ്പാണെന്നു ജീവനക്കാർ ആരോപിക്കുന്നു.

കഴിഞ്ഞ മാസം മുക്കാൽ പങ്ക് സർക്കാർ ജീവനക്കാരുടെയും ശമ്പളബിൽ തയാറാക്കിയ ശേഷമാണു സാലറി ചാലഞ്ചിൽ നിന്നു പിൻമാറാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. കോടതിവിധി കണക്കിലെടുത്തുള്ള നടപടി വൈകി നടപ്പാക്കിയതിനാൽ മിക്കവർക്കും അന്നു പ്രയോജനപ്പെടുത്താനായില്ല. പല കാരണങ്ങളാൽ കഴിഞ്ഞ മാസത്തെ ശമ്പളബിൽ തയാറാക്കാൻ കഴിയാത്തവർക്കു പോലും സ്പാർക്കിലെ അസൗകര്യം കാരണം ഇപ്പോൾ സാലറി ചാലഞ്ചിൽനിന്നു പിൻമാറാനാകുന്നില്ല.

പുതുതായി ചേരാൻ താൽപര്യപ്പെട്ട് ആരും വരുന്നില്ലെങ്കിലും പിൻമാറാനുള്ള സാധ്യത ആരാഞ്ഞ് ഒട്ടേറെ ജീവനക്കാർ ഡിഡിഒമാരെ സമീപിക്കുന്നുണ്ട്.

സാലറി ചാലഞ്ചിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇന്നലെ നിയമസഭയിൽ മറുപടി നൽകിയില്ല. 60% സർക്കാർ ജീവനക്കാർ പങ്കെടുത്തെന്നാണു സർക്കാർ ഒൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കു മറുപടിയില്ല. ചേരാത്തവരുടെ പേരു പുറത്തുവിടുന്നതു ഹൈക്കോടതി വിലക്കിയ സാഹചര്യത്തിലാണിത് എന്നാണു സർക്കാരിന്റെ വിശദീകരണം.