തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇന്നു മുതൽ ശമ്പളം വിതരണം ചെയ്തു തുടങ്ങാനിരിക്കെ സാലറി ചാലഞ്ചിൽ നിന്നു പിൻമാറാൻ അവസരം നൽകേണ്ടതില്ലെന്നു തീരുമാനം. പകരം സാലറി ചാലഞ്ചിൽ പുതുതായി ചേരാനുള്ളവർക്ക് അവസരം നൽകാമെന്നു ഡിഡിഒമാരെ സർക്കാർ അറിയിച്ചു.
കഴിഞ്ഞ മാസം പിൻമാറാനുള്ള അവസരം 12,000 പേർ ഉപയോഗപ്പെടുത്തിയെന്നാണു സ്പാർക്കിന്റെ കണക്കെടുപ്പിൽ കണ്ടെത്തിയത്. ഇൗ മാസം കൂടുതൽ പേർ പിൻമാറാൻ തയ്യാറായെങ്കിലും സ്പാർക്കിൽ ഇതിനുള്ള സൗകര്യം പിൻവലിച്ചതിനാൽ ഡിഡിഒമാർ കൈമലർത്തി.
അതേസമയം, സാലറി ചാലഞ്ച് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും ശമ്പള വിതണം ഇൗ മാസം സുഗമമായി നടക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.