Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: സർക്കാർ നടത്തിയത് പിടിച്ചുപറിയെന്നു ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവർക്കു ചമ്മലുണ്ടാകുമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയാണു സർക്കാർ ഉദ്യോഗസ്ഥരെ സാലറി ചാലഞ്ചിൽ നിന്നു പിൻമാറാൻ പ്രേരിപ്പിച്ചതെന്നും സംഭാവനയുടെ പേരു പറഞ്ഞു പിടിച്ചുപറിയാണു സർക്കാർ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിസമ്മതപത്രം നൽകുന്നവർക്കു ചമ്മലുണ്ടാകുമെന്നു പറഞ്ഞു മന്ത്രി ജീവനക്കാരെ അവഹേളിക്കുകയായിരുന്നു. ധനസഹായം ജനങ്ങളിലെത്തിക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണ്.

ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ പ്രളയാനന്തര ആവശ്യകതാ റിപ്പോർട്ട് പുറത്തുവിടാൻ‌ സർക്കാർ തയാറാകണം. വിഎസിന്റെ സഹോദരന്റെ ഭാര്യയ്ക്കു പോലും അടിയന്തര ധനസഹായമായ 10,000 രൂപ കിട്ടാൻ അഞ്ചു തവണ ഓഫിസ് കയറിയിറങ്ങേണ്ടിവന്നു. സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും സഹകരണ ബാങ്കുകളടക്കം ജപ്തി നടപടികൾ തുടരുകയാണ്. കൈയിൽ 3885 കോടി വച്ചിട്ട് 41,000 കോടി രൂപ ചെലവിട്ടു നവകേരളം നിർമിക്കാനുള്ള ശ്രമം 4000 കോടി വച്ചിട്ടു 50,000 കോടിയുടെ വികസനം നടത്തുമെന്ന പറയുന്ന കിഫ്ബി പദ്ധതി പോലെയാണ്.

യുഎഇയിൽ നിന്ന് 800 കോടി രൂപ വരുമെന്നു പറഞ്ഞിട്ട് എത്ര കിട്ടി? അവകാശപ്പെട്ട ധനസഹായം വാങ്ങിയെടുക്കാൻ കേന്ദ്രത്തിനു മേൽ സംസ്ഥാന സർക്കാരിനൊപ്പം ചേർന്നു സമ്മർദം ചെലുത്താൻ തങ്ങൾ സന്നദ്ധരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.