കൊച്ചി∙ പ്രവാസി വ്യവസായിയായ സിനിമാ നിർമാതാവിനെ കേസിൽ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് ആലുവ ഇൻസ്പെക്ടർ വിശാൽ ജോൺസണെതിരെ കർശന നടപടിയെടുക്കണമെന്ന് ക്രൈംബ്രാഞ്ച് എസ്പിയുടെ റിപ്പോർട്ട്. ഖത്തറിൽ ബ്യൂട്ടി പാർലർ ശൃംഖലയുടെ ഉടമയും ആലുവ സ്വദേശിയുമായ സലിമിന്റെ പരാതിയിലാണു ക്രൈംബ്രാഞ്ചിന്റെ തീവ്രവാദവിരുദ്ധ സേനാ വിഭാഗം (എടിഎഫ്) എസ്പി എ.കെ. ജമാലുദ്ദീന്റെ റിപ്പോർട്ട്.
ഇൻസ്പെക്ടർക്ക് എതിരെ സലീം മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. മകളെ അമിതമായി ജോലിയെടുപ്പിക്കുന്നു, ശമ്പളം നൽകുന്നില്ല എന്നൊക്കെ ആരോപിച്ച് ഖത്തറിലെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അമ്മ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞാണു സലിമിനെ കഴിഞ്ഞ ഓഗസ്റ്റ് 8നു രാത്രി ആലുവ തോട്ടുമുഖത്തെ വീട്ടിൽ നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. താൻ നിർമിക്കുന്ന സിനിമയുടെ പൂജയ്ക്കു നാട്ടിലെത്തിയതായിരുന്നു സലിം.
വിശാൽ ജോൺസന്റെ സമ്മതത്തോടെ രാത്രി മുഴുവൻ സ്റ്റേഷനിൽ വിലപേശൽ നടന്നതായും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ദുരുപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ആലുവയിലെ ഹോട്ടൽ ഉടമ ശരത്തിനെതിരെ നിയമ നടപടി വേണമെന്നും സലിമിനെതിരായ കേസിന്റെ അന്വേഷണം വിശാൽ ജോൺസണിൽ നിന്നു മാറ്റണമെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സലിമിനെതിരെ വ്യക്തമായ പരാതി ഉണ്ടായിരുന്നില്ലെന്നും അർധരാത്രിയിൽ തട്ടിക്കുട്ടിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സലിമിന്റെ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ പലതും ശരിവയ്ക്കുന്നതാണ് എസ്പിയുടെ റിപ്പോർട്ട്.
സലിമിന്റെ പരാതിയിൽ നിന്ന്: 'പൊലീസ് കസ്റ്റഡിയിൽ ആയിരിക്കെ, രാത്രി 9ന് ആലുവയിലെ ശരത് എന്നയാൾ ഇൻസ്പെക്ടർ വിശാൽ ജോൺസന്റെ നിർദേശപ്രകാരമാണെന്നു പറഞ്ഞു സ്റ്റേഷനിലെത്തി. കേസിൽ കുടുക്കിയതാണെന്നും 50 രൂപ തന്നാൽ ഊരിത്തരാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു സ്റ്റേഷനിലേക്കു വിളിക്കുമെന്നും ഇയാൾ പറഞ്ഞു. പൊലീസ് പിടിച്ചു വച്ചിരുന്ന ഫോൺ തിരിച്ചു തന്നു. പണം നൽകിയാൽ രാത്രി 10.30നു തന്നെ പുറത്തിറക്കാമെന്നു ശരത് വാഗ്ദാനം ചെയ്തു.
സിനിമയുടെ പൂജ ഉള്ളതിനാൽ പെട്ടെന്നു സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങണമായിരുന്നു. '50 രൂപ' എന്നതു കൊണ്ട് 50,000 രൂപയാണ് ഉദ്ദേശിച്ചതെന്നു കരുതി, ഒരുലക്ഷം രൂപ സുഹൃത്തു വഴി ശരത്തിനു കൈമാറിയപ്പോഴാണ് 50 ലക്ഷം രൂപയാണ് ഉദ്ദേശിച്ചതെന്നു ശരത് പറഞ്ഞത്. ശരത് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞു. ഫോൺ വീണ്ടും പൊലീസ് പിടിച്ചു വാങ്ങി. അർധരാത്രിയോടെ കേസെടുത്തു.
പിറ്റേന്നു വിശാൽ ജോൺസൺ 'ഞാൻ പറഞ്ഞയച്ചയാൾ പറഞ്ഞ പ്രകാരം നീ പ്രവർത്തിച്ചില്ലല്ലോ, നീ ഉണ്ട തിന്നു കിടക്കണം' എന്നു പറഞ്ഞു. എന്റെ ആൾക്കാർ വീണ്ടും ബസപ്പെട്ടപ്പോൾ 60 ലക്ഷം രൂപയാണു ശരത് ആവശ്യപ്പെട്ടത്. പണം നൽകിയാലും 2 ദിവസം ജയിലിൽ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. ശരത് പറഞ്ഞത് അനുസരിക്കാനായിരുന്നു വിശാൽ ജോൺസന്റെ നിർദേശം. ഉച്ചയോടെ എന്നെ കോടതിയിൽ ഹാജരാക്കി. സംഭവങ്ങൾ ബോധിപ്പിച്ചപ്പോൾ കോടതി അന്നു തന്നെ ജാമ്യം അനുവദിച്ചു.