തൃശൂർ∙ കേരളവർമ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ‘കവിത കോപ്പിയടി’ വിവാദത്തിൽ. തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തെത്തി. കവിത മോഷ്ടിച്ചിട്ടില്ലെന്നും വരികൾ ഒന്നായതിന്റെ കാരണം ഉടൻ വെളിപ്പെടുത്തുമെന്നുമായിരുന്നു ദീപ നിശാന്തിന്റെ ആദ്യപ്രതികരണം. തുടർന്നു രാത്രി വൈകി ഫെയ്സ്ബുക് പോസ്റ്റിലൂടെ സംഭവത്തിൽ ക്ഷമാപണം പ്രകടിപ്പിച്ചു.
‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന ശീർഷകമുള്ള കവിത 2011 മാർച്ചിലാണു കലേഷ് ബ്ലോഗിൽ പോസ്റ്റ് ചെയ്തത്. പിന്നീട് ഒരു വാരികയിലും പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷിലേക്കു വിവർത്തനവും ചെയ്യപ്പെട്ടു.
എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എകെപിസിടിഎ) മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചതാണു വിവാദമായത്.
വിവാദം കത്തിപ്പടർന്നതോടെ ദീപ നിശാന്ത് വിശദീകരണവുമായി രംഗത്തെത്തി. ‘ഒരു സർവീസ് മാഗസിനിൽ മോഷ്ടിച്ച കവിത കൊടുക്കാൻ മാത്രം വിഡ്ഢിയാണു ഞാനെന്നു കരുതുന്നുണ്ടോ’ എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. ഇപ്പോൾ നടന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്നും തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും താൻ ഉത്തരവാദിയായതുകൊണ്ട് ക്ഷമ ചോദിക്കുന്നുവെന്നും ഒടുവിലത്തെ ഫെയ്സ്ബുക് പോസ്റ്റിൽ ദീപ വ്യക്തമാക്കി.
ദീപ നിശാന്ത് ആദ്യം പ്രതികരിച്ചത്:
‘‘കവിത മോഷ്ടിച്ചതല്ല. വരികൾ ഒന്നായതിന്റെ കാരണം ഉടൻ വെളിപ്പെടുത്തും. അതിൽ ചില വൈകാരിക പരിസരങ്ങളുണ്ട്. മറ്റു ചില വ്യക്തികളുടെ ഇടപെടലുണ്ട്. ഈ സമയത്ത് അതു തുറന്നു പറയാൻ കഴിയാത്തതിന്റെ നിസ്സഹായതയുണ്ട്. ഇപ്പോൾ അതേക്കുറിച്ചു കൂടുതൽ വിശദീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. കവിത മോഷ്ടിച്ചുകൊണ്ട് എഴുത്തുകാരിയാകേണ്ട അവസ്ഥ എനിക്കുമില്ല, കലേഷിനുമില്ല.
എസ്. കലേഷ് പ്രതികരിച്ചത്:
ദീപ നിശാന്തിന്റെ ന്യായീകരണം ഞെട്ടിച്ചു. മറ്റാരോ അവരുടെ പേരിൽ പ്രസിദ്ധീകരിച്ചു ചതിച്ചെന്നാണു കരുതിയിരുന്നത്. എന്നാൽ, ദീപ നിശാന്ത് ന്യായീകരിച്ചു രംഗത്തെത്തിയപ്പോൾ വിഷമമുണ്ടായി.
കവിത അയച്ചതു ദീപ തന്നെ: എകെപിസിടിഎ
വിവാദ കവിത അയച്ചു തന്നതു ദീപ നിശാന്ത് തന്നെയെന്ന് എകെപിസിടിഎ ഭാരവാഹികൾ. പ്രസിഡന്റ് പദ്മനാഭൻ, മാഗസിൻ പത്രാധിപർ ഡോ. സണ്ണി എന്നിവരാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
മാപ്പു പറയണം: എൻ.എസ്. മാധവൻ
കണകുണ പറയാതെ ദീപ നിശാന്ത് കലേഷിനോടു മാപ്പു പറയണമെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു.