തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സിയാൽ തയാറാകും

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കിൽ ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) തയാറാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സിയാൽ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി. ഇതര വിമാനത്താവളങ്ങളുടെ നിർമാണം, നടത്തിപ്പ് തുടങ്ങിയവ ഏറ്റെടുക്കുന്നതിന് സിയാൽ ഇൻഫ്ര എന്ന പേരിൽ ഉപകമ്പനി നേരത്തേ രൂപീകരിച്ചിട്ടുണ്ട്. മംഗളുരു വിമാനത്താവളത്തിന്റെ നടത്തിപ്പിനും ഇത്തരത്തിൽ സിയാൽ താൽപര്യപത്രം നൽകിയേക്കും.

തിരുവനന്തപുരവും മംഗളുരുവുമുൾപ്പെടെ 6 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 80% വരെ ഓഹരികളാണ് ഇത്തരത്തിൽ വിറ്റഴിക്കുക. 50 വർഷത്തേക്കാണ് നടത്തിപ്പുചുമതല കൈമാറുക. തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽത്തന്നെ നിലനിർത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ നടത്തിപ്പുചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.