ശശിയുടെ ശിക്ഷ ശരി വച്ചതു സംസ്ഥാന സമിതി റിപ്പോർട്ട് മാത്രം പരിഗണിച്ച്: യച്ചൂരി

ന്യൂഡൽഹി ∙ പി.കെ.ശശി വിഷയത്തിൽ അന്വേഷണ കമ്മിഷന്റെ പൂർണ റിപ്പോർട്ടല്ല, സംസ്ഥാന സമിതി കൈമാറിയ കണ്ടെത്തലുകൾ മാത്രം പരിഗണിച്ചാണ് ശിക്ഷ ശരിവയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിച്ചതെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പീഡനപരാതികൾ പരിശോധിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് സംസ്ഥാന ഘടകങ്ങളോടു സിസി നിർദേശിച്ചു.

സിസി അംഗങ്ങളായ പി.കെ. ശ്രീമതിയും എ.കെ. ബാലനുമാണു ഷൊർണൂർ എംഎൽഎയായ ശശിക്കെതിരെയുള്ള പരാതി അന്വേഷിച്ചത്. അന്വേഷണസമിതിയെ വച്ചതു തന്നെ ജനറൽ സെക്രട്ടറി ഇടപെട്ട ശേഷമാണെന്നും അല്ലെന്നും നേരത്തെ പാർട്ടിയുടെ കേന്ദ്ര നേതാക്കൾക്കിടയിലും തർക്കമുണ്ടായിരുന്നു. അന്വേഷണാടിസ്ഥാനത്തിൽ സംസ്ഥാന സമിതി നിർദേശിച്ച ശിക്ഷ പര്യാപ്തമല്ലെന്നു പരാതിക്കാരിയും വി.എസ്.അച്യുതാനന്ദനും ജനറൽ സെക്രട്ടറിയോടു പരാതിപ്പെട്ടിരുന്നു.

പരാതിക്കാരിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നു സ്ഥാപിക്കാനുള്ള ശ്രമമാണു റിപ്പോർട്ടിൽ വ്യക്തമാകുന്നതെന്ന വിലയിരുത്തലും ശിക്ഷാ കാലാവധിക്കു ശേഷം ശശി പ്രബലനായി തിരികെ വരാനുള്ള സാധ്യതയും ചിലർ ഉന്നയിച്ചിരുന്നു. അപ്പോഴാണ്, ശശിക്കെതിരെയുള്ള ശിക്ഷ പര്യാപ്തമാണെന്ന സിസിയുടെ വിലയിരുത്തൽ, അന്വേഷകരുടെ കണ്ടെത്തലുകൾ മാത്രം പരിഗണിച്ചാണെന്ന ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. സംസ്ഥാന സമിതിയുടെ തീരുമാനം ശരിവയ്ക്കൽ, സിസിയിലെ ‘ചടങ്ങ്’ മാത്രമായിരുന്നുവെന്നാണു യച്ചൂരിയുടെ വാക്കുകളിൽ നിന്നു വ്യക്തമാവുന്നത്. റിപ്പോർട്ടിലെ ലൈംഗിക പരാമർശങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണു പൂർണ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും സംസ്ഥാന സമിതി നൽകിയ കണ്ടെത്തലുകൾ മാത്രം പരിഗണിച്ചാണു നടപടിയെന്നും യച്ചൂരി വ്യക്തമാക്കിയത്.

ലൈംഗികാതിക്രമത്തിന്റെ വിഷയമുണ്ടെങ്കിൽ രാജ്യത്ത് നിയമങ്ങളും അവ നടപ്പാക്കാൻ സംവിധാനങ്ങളുമുണ്ടെന്നും പാർട്ടിയല്ല നിയമം നടപ്പാക്കുന്നതെന്നും യച്ചൂരി വിശദീകരിച്ചു. പാർട്ടിയുടെ ഏറ്റവും കടുത്ത ശിക്ഷയാണ് പ്രാഥമിക അംഗത്വത്തിൽനിന്നുള്ള പുറത്താക്കൽ. 6 മാസത്തിനുശേഷം പാർട്ടിയിലേക്കു മടങ്ങിവന്നാലുള്ള കാര്യങ്ങൾ അപ്പോൾ തീരുമാനിക്കേണ്ടതാണ്. നേരത്തേയുണ്ടായിരുന്ന പദവികൾ ലഭിക്കുമെന്ന് അർഥമില്ല. പാർട്ടിയുടെ ടിക്കറ്റിലാണ് മൽസരിച്ചതെങ്കിലും ജനമാണു ശശിയെ എംഎൽഎയായി തിരഞ്ഞെടുത്തത്. അതുകൊണ്ടാണ് അദ്ദേഹം എംഎൽഎയായി തുടരുന്നത്.

പീഡന പരാതികൾ പരിഗണിക്കാൻ കേന്ദ്ര കമ്മിറ്റി ഓഫിസിലുള്ളതുപോലെ സ്ഥിരം സംവിധാനം ഉണ്ടാക്കാനാണ് സംസ്ഥാന ഘടകങ്ങളോടു നിർദേശിച്ചിട്ടുള്ളത്. സുപ്രീം കോടതി വിശാഖ കേസിൽ നൽകിയ മാർഗരേഖയുടെയുടെയും നിലവിലെ നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണു സിസി ഓഫിസിലെ സമിതി. പുറത്തുനിന്നുള്ളയാളും സമിതിയിലുണ്ട്. എന്നാൽ, പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പ്രശ്നങ്ങളുണ്ടായാൽ ഉന്നയിക്കാൻ നിയമപരമായ സംവിധാനമില്ലെന്നതാണു സ്ഥിതി. പാർട്ടിയുടെ സ്വകാര്യ പ്രശ്നമാക്കി, അന്വേഷണം നടത്തി പരാതി പരിഹരിക്കുകയാണ് രീതി. അതുപോരെന്ന വിലയിരുത്തലിലാണ് ആദ്യ പടിയെന്നോണം സംസ്ഥാന ഘടകങ്ങളിൽ സ്ഥിരം സമിതിയുണ്ടാക്കുന്നത്. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി സമരം സംഘടിപ്പിക്കാനും സിസി തീരുമാനിച്ചിട്ടുണ്ട്.

ബംഗാളിൽ മറ്റൊരു മോഡൽ

ബംഗാൾ സംസ്ഥാന സമിതി അംഗമായിരുന്ന രാജ്യസഭാംഗം ഋതബ്രത ബാനർജിയുടെ ജീവിതശൈലി പാർട്ടി വിരുദ്ധമെന്നു മുൻ ഭാര്യ പരാതി നൽകിയ ഉടനെ പാർട്ടി നടപടിയെടുത്തു – ഋതബ്രതയെ 3 മാസത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. ഒപ്പം, ഋതബ്രതയുടെ മുഖ്യശത്രുവായ മുഹമ്മദ് സലിം അധ്യക്ഷനായ അന്വേഷണ സമിതിയെ നിയോഗിച്ചു.

ഋതബ്രതയെ സംസ്ഥാന സമിതിയിൽനിന്നു ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തണമെന്ന് അന്വേഷകർ നിർദേശിച്ചു. അത് സംസ്ഥാന സമിതി അംഗീകരിച്ചു. ഈ നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിനു മുൻപേ, പാർട്ടി നേതാക്കളെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ ഋതബ്രതയെ പാർട്ടിയിൽനിന്നു പുറത്താക്കി. സസ്പെൻഷൻ കാലാവധി പൂർത്തിയായി ഒരാഴ്ചയ്ക്കുശേഷമായിരുന്നു പുറത്താക്കൽ.