Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല കയറാൻ ‘മനിതി’ സംഘം; കട്ടപ്പനയിൽ‌ വാഹനം തടയാൻ ശ്രമം

manithi-bjp-protest തമിഴ്നാട്ടിൽനിന്നെത്തിയ മനിതി സംഘത്തെ കട്ടപ്പന പാറക്കടവിൽ തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമം.

തൊടുപുഴ/ചെന്നൈ ∙ തമിഴ്നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടന ‘മനിതി’യുടെ നേതൃത്വത്തിൽ ശബരിമലയിലേക്കു തിരിച്ച 13 യുവതികളടങ്ങുന്ന സംഘം കേരള– തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് ചെക്പോസ്റ്റ് വഴി സംസ്ഥാനത്തു പ്രവേശിച്ചു. രാത്രി പത്തരയോടെ തമിഴ്നാട് പൊലീസിന്റെ അകമ്പടിയോടെ ചെക്പോസ്റ്റിലെത്തിയ സംഘത്തെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചെങ്കിലും കേരള പൊലീസ് സുരക്ഷയൊരുക്കി.  4 പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര തിരിച്ച സംഘത്തെ കട്ടപ്പന പാറക്കടവിൽ ഏതാനും ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നീക്കി.

തുടർന്നു കട്ടപ്പന വഴി സംഘത്തെ പൊലീസ് വാഗമണിൽ എത്തിച്ചു. സംഘത്തിന്റെ തുടർ യാത്ര സംബന്ധിച്ചു പൊലീസിൽ അനിശ്ചിതത്വം. സംഘത്തെ നേരിട്ടു നിലയ്ക്കലിൽ എത്തിക്കണോ അതോ കോട്ടയത്ത് എത്തിച്ചു ഞായറാഴ്ച യാത്ര തുടരണോ എന്നാണ് പൊലീസ് പരിഗണിക്കുന്നത്. കഴിയുന്നിടത്തോളം എത്തിക്കാമെന്നാണു മനീതിക്കു പൊലീസ് നൽകിയിരിക്കുന്ന വാക്ക്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ വൈകിട്ടോടെ ശബരിമല കർമസമിതി പ്രവർത്തകർ സംഘടിച്ചു. ഉന്നത പൊലീസ് സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ നിമിഷവും വഴി മാറ്റിയാണു യാത്ര.

മനിതി സംഘത്തിൽ ചെന്നൈ, മധുര എന്നിവിടങ്ങളിൽ നിന്നുള്ളവരാണുള്ളത്. മലയാളി യുവതികളും കർണാടക, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരും എത്തുമെന്നും ഇന്നു കോട്ടയത്തു സംഗമിച്ചു ശബരിമലയിലേക്കു പോകുമെന്നും സംഘാടകർ അറിയിച്ചു. വിവരത്തെ തുടർന്നു കോട്ടയം ജില്ലയും നിലയ്ക്കലും കനത്ത സുരക്ഷാവലയത്തിലാണ്. റെയിൽവേ സ്റ്റേഷനിലും പൊലീസ് പരിശോധന തുടരുന്നു. നിലവിലുള്ള 300 പേർക്കു പുറമെ നിലയ്ക്കലിൽ 100 പൊലീസുകാരെ കൂടി നിയോഗിച്ചു.

യാത്ര തിരിക്കും മുൻപു കേരള പൊലീസുമായി ബന്ധപ്പെട്ടതായി മനിതി അറിയിച്ചു. പൊലീസിന്റെ കൂടി നിർദേശപ്രകാരമാണു യാത്രാ വിവരങ്ങൾ പരസ്യമാക്കാത്തത്. പ്രതിഷേധമുണ്ടായാൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കണ്ടു സഹായമഭ്യർഥിക്കുമെന്നും സംഘാടകർ പറയുന്നു.

യുവതികൾക്കു സംരക്ഷണം നൽകണമെന്നു കേരള പൊലീസ് തമിഴ്നാട് പൊലീസിനോട് അഭ്യർഥിച്ചിരുന്നു. തുടർന്ന്, ചെന്നൈ സെൻട്രൽ, എഗ്മൂർ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി പീഡനത്തനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ചെന്നൈ മറീന ബീച്ചിൽ നടത്തിയ പ്രതിഷേധ സംഗമമായിരുന്നു മനിതിയുടെ ആദ്യപൊതുപരിപാടി.