പറക്കും യന്ത്രം വിപണിയിലേക്ക്; ഇനി എല്ലാവർക്കും ഇഷ്ടാനുസരണം പറക്കാം

പറക്കും യന്ത്രത്തിന്റെ പരീക്ഷണ പറക്കൽ. (AFP / Kitty Hawk Corporation / Davis Elen)

വാഷിങ്ടൻ∙ സ്വകാര്യ കാറുകൾ പോലെ എല്ലാവർക്കും സ്വന്തമായി ഓരോ പറക്കും യന്ത്രം. വേണമെങ്കിൽ ചെറുവിമാനമെന്നും വിളിക്കാം. സ്വപ്നമാണെന്നു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകാൻ പോകുന്ന സ്വപ്നതുല്യമായ സംഗതിയാണിത്. സിലിക്കൺ വാലിയിൽ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ‘പറക്കും കാർ’ സ്റ്റാർട്ടപ്പായ കിറ്റി ഹോക്കാണ് ഈ സ്വപ്ന പദ്ധതിയുടെ പ്രായോജകർ. പറക്കും യന്ത്രത്തിന്റെ പരീക്ഷണ പറക്കലിന്റെ വിഡിയോയും ഇവർ പുറത്തുവിട്ടു.

പറപ്പിക്കാൻ പൈലറ്റ് ലൈസൻസ് പോലും വേണ്ടെന്നുള്ളതാണ് ഈ പറക്കും യന്ത്രത്തിന്റെ സവിശേഷത. രണ്ടു മണിക്കൂർ പരിശീലനമുണ്ടെങ്കിൽ ഈ യന്ത്രം പ്രവർത്തിപ്പിക്കാം. ഒരാൾക്ക് മാത്രം യാത്ര ചെയ്യാവുന്ന പറക്കും യന്ത്രമാണ് വിഡിയോയിൽ ഉള്ളത്. ഒരു കിന്റലിനടുത്ത് ഭാരമുള്ള പറക്കും യന്ത്രത്തിന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ സ‍ഞ്ചരിക്കാൻ സാധിക്കും. നാലര മീറ്റർ ഉയരത്തിൽ ഈ യന്ത്രത്തിൽ പറക്കാം. ഇതിന്റെ ആദ്യപതിപ്പ് പരീക്ഷിക്കുന്ന വിഡിയോയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

തിരക്കു കുറഞ്ഞ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ പറക്കും യന്ത്രം സുരക്ഷിതമാണെന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയതാണെന്നണ് കമ്പനിയുടെ അവകാശവാദം. നിയമപരമായ നൂലാമാലകളും ഉണ്ടാകില്ലെന്നാണ് കമ്പനിയുടെ ഉറപ്പ്. റോഡു ഗതാഗതം അനുദിനം കൂടുതൽ ബുദ്ധിമുട്ടിലേക്കു നീങ്ങുന്ന ഇക്കാലത്ത്, പറക്കും യന്ത്രങ്ങളുടെ വരവ് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കില്ലെന്ന് ആരുകണ്ടു!