ന്യൂയോർക്ക്∙ മുൻ യുഎസ് പ്രസിഡന്റുമാരുടെ വസതികൾക്കു സമീപം സ്ഫോടക വസ്തു കണ്ടെത്തിയതിനു പിന്നാലെ, പ്രമുഖ മാധ്യമസ്ഥാപനമായ സിഎൻഎന്നിന്റെ ഓഫിസിലും ബോംബ് ഭീഷണി. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്റെയും വസതിക്കു സമീപമാണ് സ്ഫോടക വസ്തു ആദ്യം കണ്ടെത്തിയത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വീട്ടിൽനിന്നും സ്ഫോടക വസ്തു കണ്ടെത്തിയതായി സീക്രട്ട് സർവീസ് അറിയിച്ചു. ഇവർക്കു ലഭിച്ച മെയിലുകൾ രഹസ്യാന്വേഷണ വിഭാഗം പരിശോധന പൂർത്തിയാക്കിയാണു നൽകാറുള്ളത്. അത്തരം പരിശോധനയിലാണു സ്ഫോടക വസ്തു ശ്രദ്ധയിൽപ്പെട്ടത്. എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
സിഎൻഎൻ ഓഫിസിൽ സ്ഫോടക വസ്തുവുമായി ഒരു ‘പാക്കേജ്’ ലഭിച്ചതായാണു വിവരം. തുടർന്നു കെട്ടിടം ഒഴിപ്പിച്ചു പരിശോധന നടത്തി. പൈപ്പുകളും വയറുകളും ചേർത്ത ‘പാക്കേജ്’ ടൈം വാണർ സെന്ററിന്റെ കത്തുകൾ കൈകാര്യം ചെയ്യുന്ന മുറിയിൽ നിന്നാണു കണ്ടെത്തിയത്. സ്ഫോടകവസ്തു പ്രാകൃത രീതിയിലുള്ളതാണെങ്കിലും പ്രവർത്തനക്ഷമമാണെന്ന് പൊലീസ് അറിയിച്ചു. പൊട്ടിത്തെറിച്ചാൽ ദേഹത്തു തുളച്ചു കയറുന്ന തരം വസ്തുക്കളും ഇതിനകത്തുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് പൊലീസും പരിശോധന ശക്തമാക്കി. ഒരുമിച്ചു പലയിടങ്ങളിൽ സ്ഫോടക വസ്തു കണ്ടെത്തിയത് യുഎസിനെ ആശങ്കയിലാഴ്ത്തി.
ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ ഒന്നോടെയാണ് ക്ലിന്റന്റെ ന്യൂയോർക്കിലെ വസതിക്കു സമീപം സ്ഫോടക വസ്തു കണ്ടെത്തിയത്. ന്യൂകാസ്‌ൽ പൊലീസുമായി എഫ്ബിഐ നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കണ്ടെത്തൽ. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ വസ്തു പരിശോധിച്ചപ്പോഴാണ് സ്ഫോടകശേഷിയുള്ളതാണെന്നു തിരിച്ചറിഞ്ഞത്. 2001ൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയ ശേഷം ന്യൂയോർക്ക് സിറ്റിയിൽ നിന്നു 30 മൈൽ മാറിയാണ് ക്ലിന്റൻ കുടുംബം താമസിക്കുന്നത്.
സ്ഫോടക വസ്തു കണ്ടെത്തിയ സമയത്ത് ഹിലറി ഫ്ലോറിഡയിൽ ഡെമോക്രാറ്റുകളുടെ പ്രചാരണ പരിപാടിയിലായിരുന്നു. ബിൽ ക്ലിന്റൻ വീട്ടിലുണ്ടായിരുന്നു. ഒബാമയുടെ വാഷിങ്ടനിലെ വീട്ടിലെ മെയിൽ ബോക്സിൽ നിന്നാണു ബോംബ് ലഭിച്ചതെന്നാണു വിവരം. ഡെമോക്രാറ്റിക് നേതാവ് ജോർജ് സോറോയുടെ ന്യൂയോർക്കിലെ വീട്ടിലെ മെയിൽ ബോക്സിൽ കഴിഞ്ഞദിവസം സ്ഫോടക വസ്തു കണ്ടെത്തിയിരുന്നു. മൂവർക്കും ലഭിച്ചത് ഒരേതരം സ്ഫോടക വസ്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ.