Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിയാനയിൽ കുട്ടികൾക്കു നൽകിയ ഉച്ചഭക്ഷണത്തിൽ പാമ്പിൻകുഞ്ഞ്

haryana-midday-meal-snake കുട്ടികൾക്കു നൽകിയ ഉച്ചഭക്ഷണത്തിൽ കണ്ടെത്തിയ പാമ്പിൻകുഞ്ഞ്. ചിത്രത്തിനു കടപ്പാട്: എഎൻഐ

ഫരീദാബാദ്∙ കുട്ടികൾക്കു നൽകുന്ന ഉച്ചഭക്ഷണത്തിലെ അനാസ്ഥയ്ക്കു മറ്റൊരു ഉദാഹരണം കൂടി. ഹരിയാനയിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്കു നൽകിയ ഉച്ചഭക്ഷണത്തിൽ പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. ഫരീദാബാദിലെ രാജ്കീയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. പാമ്പിനെ കണ്ടെത്തിയ ഉടനെ ഭക്ഷണ വിതരണം നിർത്തി. എന്നാൽ ഇതിനകം കുറച്ചു കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു. ഈ കുട്ടികളിൽ ചിലർക്കു ഛർദ്ദിലും അനുഭവപ്പെട്ടു.

സ്കൂൾ പ്രിന്‍സിപ്പാളും ടീച്ചർമാരും ഭക്ഷണം രുചിച്ചുനോക്കുന്നതിനിടെയാണു പാമ്പിനെ കണ്ടത്. ഉടൻതന്നെ കുട്ടികളോടു ഭക്ഷണം കഴിക്കുന്നതു നിർത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണത്തിൽനിന്ന് സ്ഥിരം പഴകിയ മണം വരുമായിരുന്നുവെന്ന് കുട്ടികൾ അറിയിച്ചു. അതിനാൽ ഇത്തവണത്തെ മണം കുട്ടികൾ കാര്യമാക്കിയില്ല.

അതേസമയം, വിവരം ഉടൻതന്നെ ഉന്നത അധികൃതരെയും ഉച്ചഭക്ഷണം എത്തിക്കുന്ന ഇസ്കോൺ ഫുഡ് റിലീഫ് ഫൗണ്ടേഷനെയും അറിയിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. ഇസ്കോൺ ഫൗണ്ടേഷൻ ഭക്ഷണം വിതരണം ചെയ്യുന്ന മറ്റു സ്കൂളുകളെയും വിവരം അറിയിച്ചിട്ടുണ്ട്.