Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയാച്ചിൻ മേഖലയിൽ പാക്ക് യുദ്ധവിമാനം; അതിർത്തി കടന്നിട്ടില്ലെന്ന് ഇന്ത്യ

Qadri-Airbase-in-Skardu-24-05-2017 സ്കാർഡു എയർബേസ്

ന്യൂഡൽഹി∙ ഇന്ത്യയുടെ രണ്ടാം മിന്നലാക്രമണത്തിനു മറുപടിയെന്നോണം തന്ത്രപ്രധാനമായ സിയാച്ചിൻ മേഖലയിൽ പാക്ക് വ്യോമസേന യുദ്ധവിമാനം പറത്തി. പാക്ക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്. പാക്ക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാൻ യുദ്ധവിമാനം പറത്തിയിട്ടില്ലെന്നു വ്യോമസേന അറിയിച്ചു. 

പാക്ക് യുദ്ധവിമാനങ്ങൾ സിയാച്ചിനിൽ അഭ്യാസം നടത്തിയെന്ന് പാക്ക് മാധ്യമങ്ങളിലാണ് റിപ്പോർട്ടുവന്നത്. സൈനികാഭ്യാസത്തിന്റെ ഭാഗമായി പാക്ക് മിറാഷ് ജെറ്റുകൾ സിയാച്ചിനു സമീപം പറന്നെന്നായിരുന്നു റിപ്പോർട്ട്. നിർണായക പരിശീലനം വ്യോമസേനാ മേധാവി സൊഹൈൽ അമൻ പരിശോധിച്ചു. സ്കാർഡു എയർബേസും അദ്ദേഹം സന്ദർശിച്ചു.

Siachen Glacier

മുതിർന്ന ഉദ്യോഗസ്ഥരുടെ കൂടെയാണ് വ്യോമസേനാ മേധാവി മേഖല സന്ദർശിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉയർന്നും താഴ്ന്നും പറക്കാവുന്ന യുദ്ധവിമാനം സിയാച്ചിനിൽ ഉപയോഗിച്ചതായി പാക്ക് വ്യോമസേനയും (പിഎഎഫ്) സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു തക്കമറുപടി നൽകാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നെന്ന നിലയ്ക്കാണ് റിപ്പോർട്ടുകൾ.

കിഴക്കന്‍ കാറക്കോറം പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ദുഷ്കരവും ഉയരത്തിലുമുള്ള യുദ്ധമേഖലയാണ്. 1984 മുതൽ ഇന്ത്യന്‍ പട്ടാളത്തിനാണ് മേൽക്കൈ. 19,000 അടി ഉയരത്തിലാണ് സിയാച്ചിൻ. കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും. സിയാച്ചിനിലെ ഇന്ത്യൻ പട്ടാളത്തെ ആത്മധൈര്യത്തിന്റെ പ്രതീകമായാണ് ലോകം കാണുന്നത്.