Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയാച്ചിനിൽ വീണ്ടും യുദ്ധകാഹളമോ? പാക്കിസ്ഥാനിൽ വൻ തയാറെടുപ്പ്

Air-Chief-Marshal-Sohail-Aman-24-05-2107 ബുധനാഴ്ച സ്കാർഡുവിലെ ഖ്വാദ്രി എയർബേസിൽ എത്തിയ വ്യോമസേനാ മേധാവി മാർഷൽ സൊഹൈൽ അമൻ

ന്യൂഡൽഹി∙ ഇന്ത്യയ്ക്കു മറുപടിയെന്നോണം പാക്ക് വ്യോമസേന യുദ്ധാഭ്യാസം നടത്തിയതു സിയാച്ചിനെ ലക്ഷ്യമിട്ടോ? 35 വർഷമായി ഇന്ത്യ അഭിമാനത്തോടെ സ്വന്തമാക്കി വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനു സമീപം യുദ്ധവിമാനം പറത്തി പ്രകോപനം സൃഷ്ടിച്ചതു മുന്നറിയിപ്പാണോ? അതിർത്തിയിലെ തുടർച്ചയായ പ്രകോപനങ്ങൾ ചേർത്തുവായിക്കുമ്പോൾ പാക്കിസ്ഥാൻ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്ന് ഉറപ്പ്.‌

∙ സിയാച്ചിനിൽ പറന്നത് മിറാഷ് പോർ വിമാനം

നിയന്ത്രണരേഖയിൽ തന്ത്രപ്രധാന മേഖലയായ സിയാച്ചിനു സമീപം മിറാഷ് ജെറ്റുകളിലാണ് പാക്ക് വ്യോമസേന സൈനികാഭ്യാസം നടത്തിയത്. എന്നാൽ പാക്കിസ്ഥാൻ അതിർത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. പാക്ക് മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് പാക്ക് വ്യോമസേനാ മേധാവി മാർഷൽ സൊഹൈൽ അമൻ നേരിട്ടാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. സിയാച്ചിനു സമീപത്തെ സ്കാർഡു എയർബേസ് സന്ദർശിച്ച് സൈനികരുമായി കൂടിക്കാഴ്ചയും നടത്തി. ശേഷം മാധ്യമങ്ങളെയും കണ്ടു. പാക്ക് വ്യോമസേനയുടെ ഈ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. വീണ്ടും സിയാച്ചിനെ യുദ്ധമേഖലയാക്കാൻ പാക്കിസ്ഥാൻ കോപ്പുകൂട്ടുകയാണോ എന്നാണ് ആശങ്ക.

ബുധനാഴ്ച സ്കാർഡുവിലെ ഖ്വാദ്രി എയർബേസിൽ എത്തിയ വ്യോമസേനാ മേധാവി സൈനികാഭ്യാസം വിലയിരുത്തി. മാത്രമല്ല, മിറാഷ് ജെറ്റുകളിലൊന്ന് പാക്ക് വ്യോമസേനാ മേധാവി മാർഷൽ സൊഹൈൽ അമൻ പറത്തുകയും ചെയ്തു. സൈനികരെ ഉത്തേജിപ്പിക്കാനാണ്, മേൽനോട്ടത്തിനുപുറമെ സേനാമേധാവികൾ ഇങ്ങനെ അവർക്കൊപ്പം പരിശീലനങ്ങളിൽ പങ്കെടുക്കാറുള്ളത്. പാക്ക് വ്യോമസേനയ്ക്ക് ഒരു സാഹചര്യവും പ്രയാസമുള്ളതല്ലെന്നു സൊഹൈൽ അമൻ മാധ്യമങ്ങളോടു പറഞ്ഞു.

Qadri-Airbase-in-Skardu-24-05-2017 സ്കാർഡുവിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാന്റെ ഖ്വാദ്രി എയർബേസ്

ശത്രുരാജ്യത്തിന്റെ (ഇന്ത്യയുടെ) പ്രസ്താവനകളിൽ രാജ്യം ഭയക്കേണ്ടതില്ല. സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാത്തരം വെല്ലുവിളികളെയും നേരിടാൻ സജ്ജമാണ്. എല്ലാ എയർബേസുകളും ഉണർന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്ക് മേധാവി പറഞ്ഞതു വെറും ആവേശ പ്രസംഗമായി ഇപ്പോഴത്തെ സാഹചര്യത്തിൽ കാണാനാവില്ല. മാത്രമല്ല, 'പാക്കിസ്ഥാന്റെ അഭിമാനം' എന്നു വിളിപ്പേരുള്ള ജെഎഫ്–17 ഫൈറ്റർ ജെറ്റുകളെ സൊഹൈൽ അമൻ പരാമർശിച്ചതും മുന്നറിയിപ്പായി വിലയിരുത്താം. പാക്കിസ്ഥാനിൽ നിർമിച്ചു എന്നതുതന്നെ ജെഎഫ്–17ന്റെ പ്രാധാന്യമെന്നാണ് അദ്ദേഹം പറഞ്ഞത്.

വിവിധതരം ആക്രമണങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് ജെഎഫ്–17 (ജോയിന്റ് ഫൈറ്റർ–17). വ്യോമാക്രമണത്തിനും കരയാക്രമണത്തിനും സജ്ജം. ലൈറ്റ് വെയ്റ്റ്, സിംഗിൾ എൻജിൻ, വിവിധോദേശ്യ യുദ്ധവിമാനം. വായുവിലേക്കും കരയിലേക്കും മിസൈലുകൾ തൊടുത്തുവിടാം. പാക്ക് വ്യോമസേനയുടെ നട്ടെല്ലായ ഫൈറ്ററുകൾ 2010ലാണ് സേനയുടെ ഭാഗമായത്. 49 ജെഎഫ്–17 തണ്ടർ ഫൈറ്ററുകൾ വ്യോമസേനയ്ക്കു സ്വന്തം. 50 എണ്ണത്തിനു ഓർഡർ നൽകിയിട്ടുമുണ്ട്.

∙ ജാഗ്രതയോടെ നാവികസേന

വ്യോമസേനയ്ക്കൊപ്പം പാക്ക് നാവികസേനയും ജാഗ്രതയിലാണ്. മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ശക്തവും സദാസജ്ജവുമായ നാവികസേന ആവശ്യമാണെന്നു ബുധനാഴ്ച നാവികസേനാ മേധാവി പറഞ്ഞതും യാദൃച്ഛികമല്ല. ലാഹോറിൽ നേവൽ വാർ കോളജ് കേഡറ്റുകളുടെ ബിരുദധാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യക്കാർ ഇവിടെ വിദ്യാർഥികളായുണ്ട്. പ്രസംഗത്തിലൂടെ രാജ്യാന്തരതലത്തിൽ തങ്ങളുടെ നാവികശേഷി വെളുപ്പെടുത്താനാണ് സേനാമേധാവി ശ്രമിച്ചതെന്നു കാണാം. ഫലത്തിൽ ഇന്ത്യയെ അറിയിക്കൽതന്നെ ഉദ്ദേശ്യം. രാജ്യത്തിന്റെ സമുദ്രാതിർത്തി സംരക്ഷിക്കാൻ എല്ലാവിധ സ്രോതസുകളും ഉപയോഗിക്കുമെന്നും നാവികസേനാ മേധാവി അഡ്മിറൽ മുഹമ്മദ് സക്കറുള്ള പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് നാവികസേനയെ ശക്തപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടൽ വഴിയും പാക്കിസ്ഥാൻ ഇന്ത്യയെ ലക്ഷ്യമിടുന്നുണ്ടാകാം എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

∙ അഭിമാന സിയാച്ചിൻ

ഹിമാലയത്തിലെ മനുഷ്യാദ്ഭുതമാണ് സിയാച്ചിൻ പട്ടാളക്യാമ്പ്. കിഴക്കന്‍ കാറക്കോറം പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ദുഷ്കരവും ഉയരത്തിലുമുള്ള യുദ്ധമേഖലയാണ്. 1984 മുതൽ ഇന്ത്യന്‍ പട്ടാളത്തിനാണ് മേൽക്കൈ. മഞ്ഞുമലയുടെ ഏറ്റവും മുകളിലിരുന്നു സൈനിക നീക്കം നടത്താനുള്ള സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഉയരത്തിലിരുന്നു കാര്യങ്ങളറിയുക, അതിനനുസരിച്ച് സേനാനീക്കം നടത്താനാവുക എന്നതെല്ലാം യുദ്ധതന്ത്രത്തിൽ ഏറ്റവും പ്രധാന്യമേറിയതാണ്. 19,000 അടി ഉയരത്തിലാണ് സിയാച്ചിൻ. കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും. സിയാച്ചിനിലെ ഇന്ത്യൻ പട്ടാളത്തിന്റെ ആത്മവീര്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ലോകത്തു വേറെ സേനകളില്ല.

Siachen സിയാച്ചിൻ പ്രദേശത്തെ പാക്ക് സൈനിക ക്യാമ്പ് (ഫയൽ ചിത്രം)

∙ സിയാച്ചിന്റെ കഥ

ഇന്ത്യയും പാക്കിസ്ഥാനും 1971ൽ നിശ്ചയിച്ച നിയന്ത്രണ രേഖയിൽ, എൻജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണു കൃത്യമായി വേർതിരിച്ചിരുന്നത്. അതിനപ്പുറമുള്ള സിയാച്ചിനിൽ മനുഷ്യസാന്നിധ്യം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളും നിഗമനത്തിലെത്തി. എന്നാൽ, വർഷങ്ങളോളം ഇന്ത്യയുടെ കണ്ണിൽപ്പെടാതെ പാക്കിസ്ഥാൻ സിയാച്ചിനിൽ രഹസ്യനീക്കങ്ങൾ നടത്തുകയായിരുന്നു. യാദൃച്ഛികമായി ഇതുവഴി സഞ്ചരിച്ച കേണൽ നരീന്ദർ കുമാറിന്റെ കണ്ടെത്തലുകളാണ് സിയാച്ചിനിൽ ക്യാമ്പ് തുടങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. 35 വർഷം മുൻപ്, മരണത്തെ വെല്ലുവിളിച്ചാണ് നരീന്ദർ ആ ദൗത്യം ഏറ്റെടുത്തത്.

സിയാച്ചിന്റെ ആരംഭംമുതൽ അങ്ങേത്തലയ്ക്കലുള്ള ഇന്ദ്രാ കോൾ മുനമ്പു വരെ നീളുന്ന 78 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവ ഇന്ത്യയുടെ ഭാഗമാക്കി അതിർത്തി രേഖപ്പെടുത്തിയത് നരീന്ദറിന്റെ നേതൃത്വത്തിലാണ്. 1981ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ദൗത്യത്തിനു സമ്മതം മൂളിയത്. കേണൽ നരീന്ദർ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരു നൽകി – കുമാർ ബേസിൻ.

ഇത്രയേറെ തന്ത്രപ്രധാന്യമുള്ള സിയാച്ചിൻ പാക്കിസ്ഥാനെ വീണ്ടും മോഹിപ്പിക്കുന്നെന്നാണു ബുധനാഴ്ചത്തെ സംഭവം തെളിയിക്കുന്നത്. എന്നാൽ ഇതെല്ലാമറിഞ്ഞു വെറുതെയിരിക്കുകയല്ല ഇന്ത്യ. നിയന്ത്രണരേഖകളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ കേന്ദ്രം അധികാരം നൽകിയതിന്റെ ആത്മവിശ്വാസത്തിലാണ് സേന. ഏതു പ്രകോപനവും സംയമനത്തോടെയും അതീവശേഷിയിലും നേരിടാൻ ഇന്ത്യൻ സേനകളും സജ്ജമാണ്.