ഗാന്ധിനഗർ∙ ഗുജറാത്തിലെ സ്കൂൾ പ്രവേശനോൽസവത്തിൽ വിതരണം ചെയ്ത ബാഗുകളിൽ ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം!. ഖുബ് പഠാവോ, ഖുബ് ബധാവോ എന്ന പരസ്യവാചകവും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. യുപി സർക്കാരിന്റെ പരസ്യവാചകം ആണത്. ഛോട്ട ഉദേപുർ ജില്ലാ പഞ്ചായത്ത് സങ്കേഡ ഗോത്ര ഗ്രാമത്തിൽ നടത്തിയ പ്രവേശനോൽസവത്തിലാണ് സംഭവം. 12,000 ബാഗുകൾ വിതരണം ചെയ്തതിൽ മിക്കവയിലും അഖിലേഷിന്റെ പടം ഉണ്ട്.
സൂറത്തിലെ ഛോട്ടാല എന്ന കമ്പനിയിൽനിന്നാണ് ബാഗുകൾ വാങ്ങിയത്. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റിക്കറുകൾ ബാഗിൽ വയ്ക്കുന്നതിനായി നൽകിയിരുന്നെന്നു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ അഖിലേഷ് യാദവിന്റെ ചിത്രവും വാചകവുമാണ് അതിൽ ഉണ്ടായിരുന്നത്. 12,000 ബാഗുകൾ വിതരണം ചെയ്തതിൽ അഞ്ച് ശതമാനം ബാഗുകളിൽ മാത്രമേ അഖിലേഷിന്റെ ചിത്രം ഉണ്ടായിരുന്നുള്ളെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ കമ്പനി തന്നെയായിരിക്കാം യുപി സർക്കാരിനും ബാഗുകൾ വിതരണം ചെയ്തത്. ഇ ടെൻഡർ വഴിയാണ് കമ്പനിക്കു കരാർ നൽകിയത്. 124 രൂപയാണ് ഒരു ബാഗിന്റെ വിലയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുനൈന തോമർ അറിയിച്ചു.
നേരത്തേ, ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ 23 ജില്ലകളിൽ വിതരണം ചെയ്ത പുതിയ സ്കൂൾ ബാഗുകളിലും അഖിലേഷ് യാദവിന്റെ ചിത്രം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ആ ബാഗുകൾ നശിപ്പിക്കാനും പുതിയവ വിതരണം ചെയ്യാനും യുപി സർക്കാർ തീരുമാനിച്ചിരുന്നു.