'എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ലല്ലോ'; മെട്രോ വിവാദത്തിൽ ഇ.ശ്രീധരൻ

കൊച്ചി മെട്രോയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുന്ന ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ.

കൊച്ചി∙ കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽനിന്നു തന്നെ ഒഴിവാക്കിയതു വലിയ വിമർശനവും വിവാദവുമായതിനു മറുപടിയുമായി മെട്രോമാൻ ഇ.ശ്രീധരൻ. 'പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിയന്ത്രണങ്ങൾ പതിവാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിലേക്കു ക്ഷണിക്കാത്തതു വിവാദമാക്കേണ്ടതില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണു പ്രധാനം. തന്നെ ഒഴിവാക്കിയതില്‍ പരാതിയോ പരിഭവമോ ഇല്ല. ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. എന്നെ എന്തിനാണു ക്ഷണിക്കേണ്ട ആവശ്യം. ക്ഷണിക്കേണ്ട ആവശ്യമില്ലല്ലോ. ഞാൻ ഇവിടെത്തന്നെയല്ലേ. മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ഡിഎംആർസിയുടെ ആവശ്യമില്ല- ശ്രീധരൻ പറഞ്ഞു.

മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും ഉദ്ഘാടനവേദിയുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. വിവാദങ്ങളിൽനിന്നു പരമാവധി ഒഴിഞ്ഞുനിൽക്കാനാ‍ണ് പ്രതികരണത്തിലൂടെ ഇ.ശ്രീധരൻ ശ്രമിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്ന പാലാരിവട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണു ശ്രീധരൻ പരിശോധന നടത്തിയത്. കെഎംആർഎൽ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം, ശ്രീധരൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ.ശ്രീധരനെ വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎൽഎ പി.ടി. തോമസ് എന്നിവരെയും വേദിയിൽ ഉൾപ്പെടുത്തണമെന്നു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണു പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേർക്കു മാത്രമെ വേദിയിൽ സ്ഥാനമുള്ളൂ. അവരില്‍ത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവര്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്രമമനുസരിച്ച് 17 പേര്‍ക്കു വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. പത്തു പേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവര്‍ക്കു പുറമെ ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ഇ.ശ്രീധരന്‍, കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, ഏലിയാസ് ജോര്‍ജ്, എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം.

ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയിൽ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.