Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചടങ്ങിനെത്തിയത് സർക്കാർ വാഹനത്തിൽ; മെട്രോയിൽ കയറിയത് ക്ഷണിച്ചിട്ട്: കുമ്മനം

Kummanam Rajashekharan കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, കെഎംആർഎൽ എംഡി, ഡിഎംആർസി മുഖ്യഉപദേഷ്ടാവ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം യാത്ര ചെയ്യുന്ന കുമ്മനം രാജശേഖരൻ.

കൊച്ചി ∙ രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളതുകൊണ്ടാണ് യാത്രയിൽ പങ്കെടുത്തത്. പേര് ഉൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉൾപ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നിട്ടും എന്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് കുമ്മനം ചോദിച്ചു.‌‌

മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അവരുടെ കയ്യിലെ കളിപ്പാവയായി മാറരുതെന്ന്, സമൂഹമാധ്യമത്തിലൂടെ യാത്രാവിവാദം ഉയർത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുമ്മനം ഓർമിപ്പിച്ചു. സുരക്ഷാ വീഴ്ച  സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരള സർക്കാർ ഏർപ്പെടുത്തിയ വാഹനത്തിലാണ് ഞാനും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ എത്തിയത്. നാവിക വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയാക്കാനും ‌ഞാനുണ്ടായിരുന്നു. ഈ സമയത്ത് കേരള പൊലീസോ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയോ തന്നെ തടഞ്ഞില്ല. മാത്രമല്ല, എനിക്ക് ആവശ്യമായ സഹായങ്ങളും അവർ ചെയ്തുതന്നു. എന്നിട്ടുപോലും ഇതെല്ലാം വിവാദമാക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കുമ്മനം ആരോപിച്ചു.‌

കൊച്ചി മെട്രോ റെയിലിന്റെ ‌ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോ ട്രെയിൻ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ് പി.സദാശിവം തുടങ്ങിയവർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും യാത്രചെയ്തത് വിവാദമായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയിൽ ഇ. ശ്രീധരനെപ്പോലും ഒഴിവാക്കാൻ നീക്കം നടന്നതിനു പിന്നാലെയാണ്, കൊച്ചി മെട്രോയിലെ പ്രധാനമന്ത്രിയുടെ കന്നിയാത്രയിൽ കുമ്മനവും സഹയാത്രികനായത്.

കുമ്മനത്തിന്റെ യാത്രാക്കാര്യത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. കുമ്മനത്തിന്റെ യാത്രയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ‌ട്രോളുകളും പ്രചരിച്ചിരുന്നു.

വിവാദത്തെക്കുറിച്ച് കുമ്മനം രാജശേഖരൻ കൊച്ചിയിൽ പറഞ്ഞത്:

സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണങ്ങളോ സന്നാഹങ്ങളോ ഇല്ലാതിരുന്നു എന്നതിനു തെളിവാണിത്. അങ്ങനെ സംഭവിച്ചെങ്കിൽ അതിന്റെ ഉത്തരവാദി ആരാണ്. ഞാൻ പോയത് വ്യക്തമായി അറിയിപ്പു കിട്ടിയിട്ടാണ്. എന്റെ പേര് അവിടെ ഉള്ളതു കൊണ്ടാണ്. ഇതേക്കുറിച്ച് എനിക്കു കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്പിജിയോ കേരള പൊലീസോ ഒന്നും എന്നെ തടയാതിരുന്നത്. എനിക്കാവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും അവർ‌ ചെയ്തുതരികയാണു ചെയ്തത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും കേരള പൊലീസിൽനിന്നും യാത്രയെക്കുറിച്ച് അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ വാഹനത്തിലാണു ഞാൻ യാത്ര ചെയ്തത്. പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാനുള്ള വാഹനം ഏർപ്പാടാക്കിയതും സർക്കാരാണ്. പ്രധാനമന്ത്രിയുടെ വാഹനത്തിനു തൊട്ടുപിന്നാലെയുള്ള വാഹനവ്യൂഹത്തിൽ ഞാനുമുണ്ടായിരുന്നു. ഇതിനൊക്കെ ആരാണു സൗകര്യങ്ങൾ ചെയ്തുതന്നത്? ഇതൊന്നും അറിയാതെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെറുതെ പച്ചക്കള്ളം പറയുകയാണ്. കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിന്റെ പ്രഭ കെടുത്താൻ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ കയ്യിലെ കരുവായി കടകംപള്ളി മാറുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രതികരിക്കട്ടെ. അദ്ദേഹമാണ് ഇതിന്റെ ഉത്തരവാദി. കേരളത്തിൽ പ്രധാനമന്ത്രി എത്തുന്ന സന്ദർഭത്തിൽ അദ്ദേഹത്തോടൊപ്പം ആരൊക്കെ യാത്ര ചെയ്യുന്നു എന്നതിനെപ്പറ്റി മുഖ്യമന്ത്രിക്കു യാതൊന്നും അറിയാൻ പാടില്ലെന്നു പറയാൻ പറ്റുമോ? പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോൾ താൻ എയ്റോഡോമിൽ ഉണ്ടായിരുന്നല്ലോ. യാത്രയാക്കുന്ന സന്ദർഭത്തിലും മുഖ്യമന്ത്രിയോടൊപ്പം ഞാനുണ്ടായിരുന്നു. ഭാരതം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിയോടൊപ്പം യാത്രചെയ്തതു വലിയ വിവാദമാണോ? അനുവാദമില്ലാതെ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാൻ പറ്റുമോ? മുഖ്യമന്ത്രിയോടൊപ്പമല്ലേ താനും യാത്ര ചെയ്തത്. എന്തെങ്കിലും എതിർപ്പുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്കു പറയാമായിരുന്നല്ലോ. ഇതേപ്പറ്റി കടകംപള്ളി സുരേന്ദ്രൻ ആദ്യം ചോദിക്കേണ്ടതു മുഖ്യമന്ത്രിയോടാണ്. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി, വിരൽചൂണ്ടി പറയണം, നിങ്ങളാണു സുരക്ഷാവീഴ്ച വരുത്തിയത്. ഇതു പറയാനുള്ള ആർജവം കടകംപള്ളി സുരേന്ദ്രനുണ്ടോ?

related stories