ന്യൂഡൽഹി ∙ കശ്മീർ വിഷയത്തിൽ വീണ്ടും വിവാദപരാമർശവുമായി ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. ‘കശ്മീരികളും യെമനികളും ബഹ്റൈനികളും ഉൾപ്പെടെയുള്ള നിഷ്കളങ്കരായ ജനതയെ അടിച്ചമർത്തുന്ന മർദ്ദകരെ ശക്തമായ ഭാഷയിൽ അപലപിക്കണ’മെന്ന് അദ്ദേഹം രാജ്യാന്തര മുസ്‍ലിം സമൂഹത്തോട് ആവശ്യപ്പെട്ടു. ഈദുൽ ഫിത്റിനോട് അനുബന്ധിച്ച് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇറാനേപ്പോലെ, കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം തുറന്നുപറയാൻ മുസ്‍ലിം ചിന്തകരും ബുദ്ധിജീവികളും തയാറാകണമെന്നും അദ്ദേഹം ഈദ് ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഈദുൽ ഫിത്‌ർ ദിനത്തിൽ പോലും കശ്മീർ താഴ്‌വരയിൽ സംഘർഷം തുടരുമ്പോഴാണ് ഖമനയിയുടെ വിവാദ പരാമർശങ്ങളെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയും ഇന്നാണ്. ഇറാന്റെ നിത്യവിമർശകനായ ട്രംപ്, കശ്മീർ വിഷയത്തിൽ എന്തു നിലപാടാകും സ്വീകരിക്കുകയെന്നത് സുപ്രധാനമാണ്. അതിനിടെയാണ്, സ്വതന്ത്ര കശ്മീർ വാദത്തെ പരോക്ഷമായി പിന്തുണച്ച് ഖമനയി വീണ്ടും രംഗത്തെത്തിയത്.
കശ്‌മീരിനെക്കുറിച്ച് ഖമനയി വിമർശനപരമായി പരാമർശം നടത്തുന്നത് ഇതാദ്യമല്ല. മുൻപ് ഇത്തരം വിവാദപരാമർശങ്ങളുമായി അദ്ദേഹം രംഗത്തെത്തിയപ്പോഴെല്ലാം ഇതിനെതിരെ ഇന്ത്യ രൂക്ഷവിമർശനം നടത്തിയിരുന്നു. 2010ൽ ഹജ് തീർഥാടകരോടായി ടെഹ്‌റാനിൽ ആയത്തുല്ല അലി ഖമനയി പുറപ്പെടുവിച്ച സന്ദേശത്തിൽ പറഞ്ഞത് ഇങ്ങനെയാണ്: ‘ഇന്നു പ്രബുദ്ധരായ ഇസ്‌ലാമിക വിശ്വാസികളുടെ മുഖ്യചുമതലകൾ പലസ്‌തീൻ രാജ്യത്തിനും ഗാസയിലെ പീഡിതർക്കും സഹായം നൽകുക, അഫ്‌ഗാനിസ്‌ഥാൻ, പാക്കിസ്‌ഥാൻ, ഇറാഖ്, കശ്‌മീർ എന്നിവിടങ്ങളിലെ ജനങ്ങളോടു സഹതപിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക, യുഎസിന്റെയും സയണിസ്‌റ്റ് ഭരണകൂടത്തിന്റെയും കടന്നുകയറ്റത്തിനെതിരെ ചെറുത്തുനിൽക്കുകയും പോരാടുകയും ചെയ്യുക, മുസ്‌ലിംകളുടെ ഐക്യദാർഢ്യം ഉറപ്പുവരുത്തുക എന്നിവയാണ്.’
അതേസമയം, കശ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയാറാണെന്ന് പാക്കിസ്ഥാനിലെ ഇറാൻ സ്ഥാനപതി മെഹ്ദി ഹൊണർദൂസ്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ ചർച്ചകൾക്കു മുൻകയ്യെടുക്കാമെന്നായിരുന്നു നിർദ്ദേശം. കശ്മീർ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യയും പാക്കിസ്ഥാനും ഇടഞ്ഞുനിൽക്കുന്നതു മേഖലയിലെ മറ്റു രാജ്യങ്ങളുടെ വികസനത്തിനും തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കശ്മീർ ഉഭയകക്ഷി വിഷയമാണെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.