Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിക്ക് നുണപരിശോധന വേണമെന്ന പരാമർശം; മാപ്പുപറഞ്ഞ് സലിംകുമാർ

salim-kumar-salimkumar

കൊച്ചി∙ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലെ പരാമർശങ്ങളിൽ മാപ്പു പറഞ്ഞ് നടൻ സലിംകുമാർ. ഞായറാഴ്ച സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമർശം തികഞ്ഞ അപരാധവും സ്‌ത്രീ വിരുദ്ധവുമാണെന്നു സലിംകുമാർ പറഞ്ഞു. വിഷയത്തിൽ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

' ഞായറാഴ്ച ഇട്ടിരുന്ന ഒരു പോസ്റ്റിൽ, ഇരയായ നടിയെ നുണ പരിശോധനയ്‌ക്കു വിധേയമാക്കണമെന്നുള്ള എന്റെ പരാമർശം പിന്നീട് ആലോചിച്ചപ്പോൾ തികഞ്ഞ അപരാധവും സ്‌ത്രീ വിരുദ്ധവുമാണെന്നു മനസ്സിലാക്കി. ഇതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമർശം ആ പോസ്റ്റിൽ നിന്നും ഞാൻ മാറ്റുന്നതായിരിക്കും'- പുതിയ കുറിപ്പിൽ സലിംകുമാർ പറഞ്ഞു.

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ നടൻ ദിലീപിനു പിന്തുണയുമായാണു സലിംകുമാർ കഴിഞ്ഞദിവസം രംഗത്തെത്തിയത്. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴുവർഷം മുൻപു രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സലിംകുമാറിന്റെ മുൻ കുറിപ്പിൽനിന്ന്:

'ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാൽ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മൾ 2013ൽ കണ്ടതാണ്. ദിലീപ്– മഞ്ജു വാരിയർ ഡിവോഴ്സ്. പിന്നീട് പലരാൽ പലവിധത്തിൽ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വരെ ദിലീപിന്റെ പേരു വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്'

'ഇത് ഒരു സ്നേഹിതനുവേണ്ടിയുള്ള വക്കാലത്തല്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണം. ദിലീപും നാദിർഷായും എന്റെ സ്നേഹിതന്മാരാണ്. അതിൽ ഞാൻ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളിൽ വെച്ചുകൊണ്ടുതന്നെ ഞാൻ പറയുന്നു. ഇവരെ രണ്ടുപേരെയും ശാസ്ത്രീയ നുണപരിശോധനക്കായി ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം.

' സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട്. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവിൽ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്‌ക്കായി സിനിമാരംഗത്തെ സ്‌ത്രീകൾ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതിൽ പ്രതികരിക്കണമെന്ന് അഭ്യർഥിക്കുന്നു'- നീണ്ട കുറിപ്പിൽ സലിംകുമാർ പറഞ്ഞു.