ന്യൂഡൽഹി∙ സിക്കിമിൽ ചൈന – ഭൂട്ടാൻ അതിർത്തിയിലെ ദോക് ലാമിൽ ദീർഘകാലത്തേക്കു നിലയുറപ്പിക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു. ഇന്ത്യൻ സൈന്യം അവിടെനിന്നു പിന്മാറണമെന്ന ചൈനയുടെ ഭീഷണിക്കിടെയാണിത്. സമുദ്രനിരപ്പിൽനിന്ന് 10,000 അടി ഉയരത്തിലുള്ള പ്രദേശത്ത് ഇന്ത്യൻ സൈന്യം ടെന്റുകൾ സ്ഥാപിച്ചു തുടങ്ങി.
സൈനികർക്കു ഭക്ഷണമടക്കമുള്ളവ എത്തിച്ചുകൊടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ചൈനയുടെ സമ്മർദ്ദത്തിനും അടിച്ചമർത്തൽ ശ്രമത്തിനും നിന്നുകൊടുക്കില്ലെന്ന നിലപാടിലാണ് സൈന്യം. ഇതേസമയം, പ്രശ്നത്തിനു നയതന്ത്ര പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.
ജർമനിയിൽ ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുണ്ടായ ഊഷ്മളമായ കൂടിക്കാഴ്ച നൽകുന്ന സൂചനയും ഇതാണ്. ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തികൾ സംഗമിക്കുന്ന മുക്കവല (ട്രൈ ജംക്‌ഷൻ)യിൽ മൂന്നാഴ്ചയിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കമാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ഇന്ത്യ ഇതു തടയുകയായിരുന്നു.