Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരർക്കു സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങൾ: യുഎസ് പട്ടികയിൽ പാക്കിസ്ഥാനും

Donald Trump

വാഷിങ്ടൻ∙ ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ‘കണ്‍ട്രി റിപ്പോർട്ട് ഓൺ ടെററിസം’ വാർഷിക റിപ്പോർട്ടിലാണു പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനകളായ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയവ പാക്കിസ്ഥാനിൽ നിർബാധം പ്രവർത്തനവും പരിശീലനവും തുടരുകയും പണം സമാഹരിക്കുകയും ചെയ്യുന്നുണ്ടെന്നും 2016ലെ കണക്കുകൾ വച്ചു റിപ്പോർട്ട് പറയുന്നു.

എന്നാൽ പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന തെഹ്‌രീകെ താലിബാൻ പോലുള്ള ഭീകരസംഘടനകൾക്കെതിരെ ശക്തമായി പാക്ക് സൈന്യവും സുരക്ഷാസേനകളും നടപടിയെടുത്തിട്ടുണ്ട്. എങ്കിലും അഫ്ഗാനിസ്ഥാനിലെ യുഎസ് താൽപര്യങ്ങളെ ഹനിക്കുന്ന അഫ്ഗാൻ താലിബാൻ, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയെ അമർച്ച ചെയ്യാൻ കാര്യമാത്രമായ നടപടികൾ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളിൽ ഇരു സംഘടനകളെയും എത്തിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തീവ്രവാദത്തെ അടിച്ചമർത്താൻ അവർ ആത്മാർഥമായി പരിശ്രമിച്ചിട്ടില്ലെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഇത്തരം ഭീകരാക്രമണങ്ങളുടെ ഇര ഇന്ത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങളും പാക്ക് കേന്ദ്രമാക്കിയ ഭീകരരുടെ ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീരിൽ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്കുപിന്നിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ പഴിചാരുന്നതെന്നു പറയുന്ന റിപ്പോർട്ടിൽ പഠാൻകോട്ട് ആക്രമണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റിനെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലഷ്കറെ തയിബയെ പാക്കിസ്ഥാനിൽ വിലക്കിയെങ്കിലും സംഘടനയുടെ ഉപവിഭാഗങ്ങളായ ജമാഅത്ത് ഉദ്ദവ, ഫലാഹി ഇൻസാനിയത്ത് ഫൗണ്ടേഷൻ തുടങ്ങിയവ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ഉൾപ്പെടെ പരസ്യമായി പണസമാഹരണവും മറ്റും നടത്തുന്നു. ഐക്യരാഷ്ട്ര സംഘടന ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ തലവൻ ഹാഫിസ് സയീദ്, വലിയ റാലികളെ അഭിസംബോധന ചെയ്തു പരസ്യമായി ഇറങ്ങി നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അഫ്ഗാനിസ്ഥാൻ, സൊമാലിയ, ട്രാൻസ് – സഹാറാ മേഖല, സുലു / സുലാവെസി സീസ് ലിറ്റൊറൽ, തെക്കൻ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാഖ്, ലെബനൻ, ലിബിയ, യെമൻ, കൊളംബിയ, വെനസ്വേല തുടങ്ങിയവയാണ് യുഎസ് പട്ടികയിൽ ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്ന മറ്റു രാജ്യങ്ങൾ.