ചെന്നൈ ∙ ആളില്ലാതെ പ്രവർത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്ക് ഉപയോഗ സജ്ജമാകുന്നു. ദുർഘടപ്രദേശങ്ങളിലെ നിരീക്ഷണ ജോലികൾ എളുപ്പമാക്കുന്നതിനുതകുന്ന മുന്ത്ര വിഭാഗത്തിൽപ്പെട്ട മൂന്നു ടാങ്കുകൾ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സംഘടിപ്പിച്ച ‘ഡിഫൻസ് എക്സിബിഷനി’ൽ പ്രദര്‍ശിപ്പിച്ചു. മുൻ രാഷ്ട്രപതിയും പ്രസിദ്ധ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന് ആദരമർപ്പിച്ചുകൊണ്ട് ഡിവിആർഡിഇയാണ് ‘സയൻസ് ഫോർ സോൾജിയേഴ്സ്’ എന്നു പേരിട്ട എക്സിബിഷൻ സംഘടിപ്പിച്ചത്.
മുന്ത്ര–എം, മുന്ത്ര–എൻ, മുന്ത്ര–എസ് എന്നിങ്ങനെ ഒരേ ടാങ്കിന്റെ മൂന്നു വ്യത്യസ്ത രൂപങ്ങളാണ് എക്സിബിഷനിൽ അവതരിപ്പിച്ചത്. നിരീക്ഷണാവശ്യത്തിന് ഉപയോഗിക്കാവുന്ന മുന്ത്ര–എസ് ടാങ്കുകൾ, ആളില്ലാതെ നിയന്ത്രിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വാഹനമാണ്. മനുഷ്യർക്ക് നേരിട്ടുപോയി നിരീക്ഷിക്കാൻ സാധ്യമല്ലാത്ത മേഖലകളിൽ നിരീക്ഷണ വാഹനമായി ഉപയോഗിക്കാവുന്ന ടാങ്കാണിത്.
മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ‘മൈനുകൾ’ കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്ന ‘ആളില്ലാ ടാങ്കാ’ണ് മുന്ത്ര–എം വിഭാഗത്തിലുള്ളത്. ആണവ ചോർച്ച നിമിത്തമോ, ജൈവായുധങ്ങളുടെ ഉപയോഗം നിമിത്തമോ മനുഷ്യർക്ക് പ്രവേശിക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ടാങ്കുകളാണ് മുന്ത്ര–എൻ വിഭാഗത്തിൽപ്പെടുന്നത്.
ഒരു നിരീക്ഷണ റഡാർ, ക്യാമറ, 15 കിലോമീറ്റർ അകലെയുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താൻ സഹായിക്കുന്ന ‘ലേസർ റേഞ്ച് ഫൈൻഡർ’ എന്നിവയാണ് ഈ ‘ആളില്ലാ ടാങ്കു’കളിലുണ്ടാവുക. വിദൂരത്തുനിന്ന് നിയന്ത്രിക്കാവുന്ന ഇത്തരം ടാങ്കുകൾ, നക്സൽ ബാധിത പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിന് താൽപര്യമറിയിച്ച് അർധസൈനിക വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യത്തിന് ഉപയോഗിക്കണമെങ്കിൽ ടാങ്കിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും.
രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ, തീർത്തും ദുർഘടമായ സാഹചര്യങ്ങളിൽ ഉപയോഗിച്ചാണ് ഈ ടാങ്കുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയത്. പൊടിപടലങ്ങൾ നിറഞ്ഞ പ്രദേശത്ത് 52 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ടാങ്കുകളുടെ പരീക്ഷണം. ഇതു വിജയകരമായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.