പുൽവാമ∙ ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഷ്കറെ തയിബ കമാൻഡർ അബു ദുജാന, സൈനിക ഉദ്യോഗസ്ഥനുമായി അവസാനനിമിഷം സംസാരിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. കശ്മീരിലെ ലഷ്കർ സംഘത്തിന്റെ തലവനായിരുന്ന ദുജാനയെ ചൊവ്വാഴ്ച പുലർച്ചെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഭാര്യയെ കാണാൻ പുൽവാമ ജില്ലയിലെ ഹക്രിപോരയിലെ ഒരു വീട്ടിൽ ദുജാന എത്തിയിട്ടുണ്ടെന്നറിഞ്ഞ സൈന്യം, വീടു വളഞ്ഞ് ഇയാളോടു കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. പ്രദേശവാസിയെക്കൊണ്ടു ഫോൺ ചെയ്യിച്ചാണ് ദുജാനയോടു കീഴടങ്ങാൻ സൈനിക ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.
ഫോൺ വിളിച്ച് ആദ്യം പ്രദേശവാസിയായ ആൾ സംസാരിച്ചു. പിന്നീടു ഫോൺ ഉദ്യോഗസ്ഥനു കൈമാറി. താങ്കൾ എങ്ങനെയിരിക്കുന്നുവെന്നാണ് ദുജാന ഉദ്യോഗസ്ഥനോടു ചോദിച്ചത്. കീഴടങ്ങിക്കൂടെയെന്നു ദുജാനയോട് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. നിങ്ങൾ ഈ ചെയ്യുന്നതു ശരിയല്ലെന്നും അദ്ദേഹം ദുജാനയെ ഓർമിപ്പിക്കുന്നു. കശ്മീരികളെ കഷ്ടപ്പെടുത്താൻ പാക്കിസ്ഥാനി ഏജൻസികൾ ദുജാനയെ ഉപയോഗിക്കുന്നതായി കേൾക്കുന്നുവെന്ന ഉദ്യോഗസ്ഥന്റെ പരാമർശത്തോട് ദുജാന പ്രതികരിച്ചില്ല.
രക്തസാക്ഷിയാകാനാണു താൻ വീടു വിട്ടത്. വേറെന്തു ചെയ്യാനാകും? ചില സമയങ്ങളിൽ ഞങ്ങൾ മുൻപിലാണ്. ചിലസമയങ്ങളിൽ നിങ്ങളും. ഇന്നു നിങ്ങൾക്കെന്നെ പിടിക്കാനായി. അഭിനന്ദനങ്ങൾ. നിങ്ങൾക്കു ചെയ്യാനാകുന്നതു ചെയ്തോളു. കീഴടങ്ങില്ല. എന്താണ് വിധിച്ചതെന്നാൽ അല്ലാഹു അതു വരുത്തട്ടെ – ദുജാന പറഞ്ഞു.
അതേസമയം, വീട്ടിലുള്ള മാതാപിതാക്കളെ ഓർമിക്കണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, വീടു വിട്ട അന്ന് തന്നെ സംബന്ധിച്ചിടത്തോളം അവർ മരിച്ചുവെന്നു ദുജാന മറുപടി നൽകി. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയവരുമായി ചോരക്കളിക്ക് ഇന്ത്യയ്ക്കു താൽപ്പര്യമില്ലെന്ന് ഉദ്യോഗസ്ഥൻ ദുജാനയെ അറിയിച്ചു. ആർക്കും ദോഷം വരാൻ ദൈവം ആഗ്രഹിക്കില്ലെന്നും അല്ലാഹു എല്ലാവർക്കും വേണ്ടിയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അല്ലാഹു നിങ്ങൾക്കും എനിക്കും വേണ്ടിയാണെങ്കിൽ വീടിനകത്തേക്കു വരൂ എന്നായിരുന്നു ദുജാനയുടെ പ്രതികരണം. നിങ്ങളുടെ കളി മനസ്സിലായെന്നും ദുജാന കൂട്ടിച്ചേർത്തു.
കശ്മീരികളെ രക്ഷിക്കാൻ വേണ്ടിയാണു പ്രവർത്തനമെന്നും യുവാക്കളെ ഭീകരസംഘടനയിലേക്കു റിക്രൂട്ട് ചെയ്യരുതെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതു റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങളിൽനിന്നു വ്യക്തമാണ്. എന്നാൽ പെട്ടെന്നുതന്നെ ദുജാന ഫോൺ സംഭാഷണം അവസാനിപ്പിച്ചു. വീണ്ടും പ്രദേശവാസിയെക്കൊണ്ട് ഉദ്യോഗസ്ഥൻ വിളിപ്പിച്ചെങ്കിലും ദുജാന ഫോൺ എടുത്തില്ല.