Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ ജയിലിൽ അല്ല ജാമ്യത്തിലെന്ന് മഅദനി; ഒരു വർഷത്തിനുശേഷം കേരളത്തിൽ

Madani പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ കർണാടക പൊലീസിന്റെ കനത്ത സുരക്ഷയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പിഡിപി അധ്യക്ഷൻ അബ്ദുൽ നാസർ മഅദനിക്കു പ്രവർത്തകരുടെ സ്വീകരണം. മുദ്രാവാക്യം വിളികളുമായാണു പ്രവർത്തകർ മഅദനിയെ കേരളത്തിലേക്കു വരവേറ്റത്. കർണാടക പൊലീസിലെ അസി. കമ്മിഷണറും സിഐയും വിമാനത്തിൽ മഅദനിക്കൊപ്പമുണ്ടായിരുന്നു. രണ്ടു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മഅദനി കൊല്ലം അൻവാർശേരിയിലേക്കു പുറപ്പെട്ടു. ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മഅദനി ഒരു വർഷത്തിനുശേഷമാണു ജന്മനാട്ടിൽ വരുന്നത്.

തന്റെ കേരളത്തിലേക്കുള്ള വരവിനെ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി മഅദനി പ്രതികരിച്ചു. താൻ ജയിലിൽ അല്ല, ജാമ്യത്തിലാണു ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുന്നതെന്നും മഅദനി മാധ്യമങ്ങളോടു പറഞ്ഞു. 'ജാതിമതഭേദമന്യേ കേരളത്തിലെ ആളുകളും മനുഷ്യാവകാശ പക്ഷത്തുനിൽക്കുന്നവരും കേരള സർക്കാരും പ്രതിപക്ഷവും അഭിഭാഷകരും തനിക്കുവേണ്ടി ഇടപെട്ടു. എല്ലാവരും നീതിയുടെ പക്ഷത്തുനിന്നു. ഈ സമീപനത്തിലും ഇടപെടലിലും വളരെയധികം സന്തോഷമുണ്ട്. ഞാനിപ്പോൾ പാരപ്പന അഗ്രഹാര ജയിലിലല്ല കഴിയുന്നത്. മൂന്നു വർഷം മുൻപു ജാമ്യം കിട്ടി. അനുകൂലമായി പ്രതികരിക്കുന്നവർപോലും താനിപ്പോഴും ജയിലിൽ ആണെന്നു തെറ്റിദ്ധരിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളാലുള്ള ജാമ്യമല്ല കിട്ടിയത്. സ്വതന്ത്രമായ ജാമ്യമാണ്. ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന നിബന്ധന മാത്രമേയുള്ളൂ.

ജാമ്യവ്യവസ്ഥയിലെ ആ നിബന്ധനയിൽ മാറ്റം വരുത്താനായാണു എൻഐഎ കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. അപ്പോഴാണ് ഇത്രയും ക്രൂരമായ സമീപനമുണ്ടായത്. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്തുനിന്നുകൊണ്ടു സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ സന്തോഷമുണ്ട്. ഇടപെട്ട എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു'- മഅദനി പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പിലെ നിലപാടു പിന്നീടു പ്രഖ്യാപിക്കുമെന്ന് ആലപ്പുഴയിൽവച്ച് മഅദനി പറഞ്ഞു. ഗെസ്റ്റ് ഹൗസിൽ അൽപനേരം നിർത്തിയപ്പോഴായിരുന്നു മഅദനിയുടെ പ്രതികരണം.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനുമാണു മഅദനിക്കു കോടതി ജാമ്യവ്യവസ്ഥയിൽ ഇളവു നൽകിയത്.