ശ്രീനഗർ ∙ സൈന്യവും ഭീകരരും നിരന്തരം ഏറ്റുമുട്ടുന്ന ജമ്മു കശ്മീരിൽ ഞെട്ടിപ്പിക്കുന്ന ചില കണക്കുകൾ പുറത്ത്. ജമ്മു കശ്മീരിൽ ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണെന്നാണു റിപ്പോർട്ട്. ഏഴുമാസത്തിൽ 70 പേരാണു ഹിസ്ബുൽ മുജാഹിദീൻ പോലുള്ള ഭീകരസംഘടനകളിൽ ചേർന്നതെന്നു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പുൽവാമ, ഷോപ്പിയാൻ, കുൽഗാം ജില്ലകളിലാണ് യുവാക്കൾ കൂടുതലായി ഭീകരസംഘടനകളിലേക്ക് ആകൃഷ്ടരാവുന്നത്. 2016 ൽ 88 പേരാണ് ഭീകരഗ്രൂപ്പുകളിലേക്ക് ചേക്കേറിയത്. 2015 ൽ 66, 2014 ൽ 53, 2013 ൽ 16, 2012 ൽ 21, 2011 ൽ 23, 2010 ൽ 54 എന്നിങ്ങനെയാണു കണക്കുകൾ. അതേസമയം, വധിക്കപ്പെടുന്ന ഭീകരരുടെ എണ്ണവും കൂടുകയാണ്.
കഴിഞ്ഞ ഏഴുമാസത്തിനിടെ 132 ഭീകരരെയാണു സൈന്യം വധിച്ചത്. 2016ൽ ഇതേകാലയളവിൽ 77, 2015 ൽ 51, 2014 ൽ 51. കൊല്ലപ്പെട്ട ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ നാടാണ് പുൽവാമ. ലഷ്കർ കമാൻഡർ അബു ദുജാന, അൽഖായിദയുടെ അബു മൂസഎന്നിങ്ങനെ ഒട്ടേറെപ്പേരുടെ താവളം കൂടിയാണ് പുൽവാമ എന്ന് സുരക്ഷാ ഏജൻസികൾ പറയുന്നു. അതേസമയം, താഴ്‍വരയിലെ യുവാക്കളുടെ മനസ്സ് മാറ്റാനും അവരിൽ ദേശസ്നേഹം വളർത്താനുമുള്ള പദ്ധതികളാണ് ജമ്മു കശ്മീർ പൊലീസ് നടപ്പാക്കുന്നതെന്നു ഡിജിപി എസ്.പി.വൈദ്യ പറഞ്ഞു.