ഗോരഖ്പുർ∙ മഹാദുരന്തത്തിനു ശേഷവും ബാബാ രാഘവ് ദാസ് ആശുപത്രിയിൽ ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കാതെ ഉത്തര്‍പ്രദേശ് സർക്കാർ. ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച വാർഡുകളിൽ ശുചിത്വം പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശവും പാലിക്കപ്പെട്ടില്ല. അതിനിടെ മസ്തിഷ്ക ജ്വരത്തിന് ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ കൂടി മരിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുടെ പ്രധാന നിർദേശമായിരുന്നു ശുചിത്വപാലനം. വാർഡുകളിൽ കയറുന്ന അമ്മമാർക്കും കൂട്ടിരിപ്പുകാർക്കും മാസ്‌ക് നൽകുന്നതുൾപ്പെടെ കർശന നിർദേശങ്ങളായിരുന്നു ആശുപത്രി അധികൃതർക്കു അദ്ദേഹം നൽകിയത്. എന്നാൽ അതു നടപ്പാക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
അണുബാധയ്ക്കു ചികിത്സതേടി എത്തിയ കുഞ്ഞുങ്ങളെ താമസിപ്പിക്കുന്ന വാർഡിലും സ്ഥിതിക്കു യാതൊരു മാറ്റവുമില്ല. വൃത്തിഹീനമായ ചുറ്റുപാടിൽ കഴിയുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. പരാധീനതകൾ ഉണ്ടെന്നു പുതുതായി ചുമതലയേറ്റ കോളേജ് പ്രിൻസിപ്പൽ തുറന്നു സമ്മതിക്കുന്നുണ്ട്. അതിനിടെ വൃത്തിഹീനമായ വാർഡിൽ ചികിത്സയ്ക്കു വിധേയരായ ആറു കുഞ്ഞുങ്ങളാണു കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന.