ലണ്ടൻ∙ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചതിനു താലിബാൻ ഭീകരർ വധിക്കാൻ ശ്രമിച്ച നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കു വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. സർവകലാശാലയുടെ കീഴിലുള്ള ലേഡി മാർഗരറ്റ് ഹാളിൽ നിന്നു ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളാണു മലാല പഠിക്കുക. ഓക്സ്ഫഡ് പ്രവേശനത്തെക്കുറിച്ചുള്ള വാർത്ത ട്വിറ്ററിലൂടെയാണു മലാല പങ്കുവച്ചത്.
വധിക്കപ്പെട്ട മുൻ പാക്ക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ, മ്യാൻമറിലെ ഓങ് സാൻ സൂ ചി, മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ തുടങ്ങിയവർ ഓക്സ്ഫഡിൽ ഇതേ കോഴ്സിൽ പഠനം നടത്തിയവരാണ്. താലിബാൻ സ്വാധീന മേഖലയായ വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ജനിച്ച മലാല നാട്ടിലെ ജീവിതത്തെക്കുറിച്ചു ഡയറിയെഴുതാൻ തുടങ്ങിയതോടെയാണു ശ്രദ്ധേയയായത്. ഇതിനു പ്രതികാരമായി താലിബാൻ ഭീകരർ നടത്തിയ വധശ്രമത്തിൽ മലാലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.