Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറു വർഷങ്ങൾക്കുശേഷം മലാല പാക്ക് മണ്ണിൽ; കനത്ത സുരക്ഷയൊരുക്കി സർക്കാർ

Malala-Yousafzai മലാല യൂസഫ്സായി

ഇസ്‌ലാമാബാദ്∙ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിനു വെടിയുണ്ടകൾ ഏൽക്കേണ്ടിവന്ന മലാല യൂസഫ്സായി, ആറു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ജൻമനാടായ പാക്കിസ്ഥാനിൽ. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരിൽ താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിശേഷം ഇതാദ്യമായാണ് മലാല വീണ്ടും പാക്കിസ്ഥാനിൽ കാലുകുത്തുന്നത്.

ഇന്നു പുലർച്ചെ 1.30ഓടെയാണ് മലാലയേയും വഹിച്ചുകൊണ്ടുള്ള വിമാനം റാവൽപിണ്ടി ബേനസീർ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. മാതാപിതാക്കളും മലാലയ്ക്കൊപ്പമുണ്ട്. നാലു ദിവസത്തോളം പാക്കിസ്ഥാനിൽ തങ്ങുന്ന മലാല, പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി, സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, സുരക്ഷാ കാരണങ്ങളാൽ മലാലയുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ  സ്വാത് താഴ്‌വരയിലുള്ള തന്റെ കുടുംബവീട് സന്ദർശിക്കാൻ മലാല എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 2012 ഒക്ടോബറിലാണ് സ്കൂളിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ സ്കൂൾബസിൽ വച്ച് മലാലയെ ഭീകരർ ആക്രമിച്ചത്. അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം. ശിരസ്സിനു വെടിയേറ്റു ഗുരുതരാവസ്ഥയിലായ മലാലയെ ആദ്യം പെഷാവറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു.

ലണ്ടനിലെ ബർമിങ്ങാമിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മലാലയ്ക്ക് 2014ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. മലാലയുടെ ജന്മദിനമായ ജൂലൈ 12, ഐക്യരാഷ്ട്ര സംഘടന 2013 മുതൽ ‘മലാല ദിന’മായി പ്രഖ്യാപിച്ചിരുന്നു. ലോകമെങ്ങും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്താനുള്ള ദിനമാണിത്.