പെഷാവർ∙ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി ആറുവർഷത്തിനുശേഷം ജന്മനാടായ പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ തിരിച്ചെത്തി. മിങ്കോറയിലെ മകാൻബാഗിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഹെലികോപ്റ്ററിൽ ഇറങ്ങിയ മലാല അവിടെനിന്നു കനത്ത സുരക്ഷയിൽ വീട്ടിലെത്തി. ബാല്യകാല സുഹൃത്തുക്കളും പഴയ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ മലാലയ്ക്കു കണ്ണീരടക്കാനായില്ല. പാക്കിസ്ഥാൻ വാർത്താവിതരണ മന്ത്രി മറിയം ഔറംഗസീബ് ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് മലാലയും കുടുംബവും ലണ്ടനിൽനിന്ന് ഇസ്‌ലാമാബാദിലെത്തിയത്. വടക്കുപടിഞ്ഞാറൻ പാക്ക് അതിർത്തിയിലെ സ്വാത് താഴ്‌വരയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി വാദിച്ചതിനു 2012 ഡിസംബറിൽ സ്കൂൾ മുറ്റത്താണു മലാലയ്ക്കു താലിബാൻ ഭീകരരുടെ വെടിയേറ്റത്. 2014ൽ, പതിനേഴാം വയസ്സിൽ സമാധാന നൊബേൽ സമ്മാനം ലഭിച്ചതോടെ മലാല, ഈ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. ഓക്‌സ്ഫഡ് സർവകലാശാലാ വിദ്യാർഥിയാണിപ്പോൾ.
താലിബാനിൽനിന്ന് സ്വാത് മേഖല മോചിപ്പിക്കപ്പെട്ടെങ്കിലും ഇടയ്ക്കിടെ ഭീകരാക്രമണങ്ങൾ ഉണ്ടാകാറുണ്ട്. പ്രകൃതിരമണീയമായ സ്വാത് മേഖല പാക്കിസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്.
മലാല രാഷ്ട്രീയത്തിൽ ഇറങ്ങുമോ?
ഇസ്‌ലാമാബാദ്∙ രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്നു വരികൾക്കിടയിൽ സൂചനകളുമായി മലാല. ലണ്ടനിലെ പഠനം പൂർത്തിയാക്കിയാൽ മാതൃരാജ്യത്തു തിരിച്ചെത്തുമെന്ന് മലാല പാക്ക് ടിവിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും മെച്ചപ്പെട്ട പാക്കിസ്ഥാനുവേണ്ടി ജനങ്ങളുടെ ഒരുമ ശക്തമാകുകയാണെന്നും മലാല പറഞ്ഞു. ‘വിദ്യാഭ്യാസം കഴിഞ്ഞാൽ പാക്കിസ്ഥാനിലേക്കു മടങ്ങാനാണ് എന്റെ തീരുമാനം. ഇതെന്റെ രാജ്യമാണ്. മറ്റേതു പാക്കിസ്ഥാനിയെയും പോലെ എന്റെ രാജ്യത്തിൽ എനിക്ക് അവകാശമുണ്ട്’– മലാല പറഞ്ഞു. ആഗോള പ്രശസ്തയാണെങ്കിലും പാക്കിസ്ഥാനിലെ യാഥാസ്ഥിതിക പക്ഷം മലാലയെ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഏജന്റായാണു കാണുന്നത്.