Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡ്രോണിനു സമാനമായ വസ്തു’; ഡൽഹി വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു

igi-airport-flights-resumed ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന്. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ ‘ഡ്രോണിനു സമാനമായ വസ്തു’ കണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നു ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അടച്ചിട്ട റൺവേകൾ തുറന്നു. താൽക്കാലികമായി നിർത്തിവച്ചിരുന്ന വിമാന ഗതാഗതം പുനരാരംഭിച്ചു. ഞായർ വൈകുന്നേരമാണു ഡ്രോണിനു സമാനമായ വസ്തു കണ്ടതെന്ന് എയർ ഏഷ്യ വിമാനത്തിന്റെ പൈലറ്റ് റിപ്പോർട്ട് ചെയ്തത്. രാത്രി ഏഴു മണിയോടെയായിരുന്നു ഇത്.

ലാൻഡ് ചെയ്ത സമയത്താണ് വസ്തു കണ്ടതെന്നായിരുന്നു പൈലറ്റിന്റെ റിപ്പോർട്ട്. ടെർമിനൽ മൂന്നിനു സമീപമാണ് വസ്തു കണ്ടത്. ഇവിടം പരിശോധിക്കുകയാണെന്ന് ഡിസിപി സഞ്ജയ് ഭാട്യ അറിയിച്ചു. സംഭവത്തെത്തുടർന്നു നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. പിന്നീട് എട്ടുമണിയോടുകൂടി വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്നു രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ ലക്നൗവിലേക്കും അഹമ്മദാബാദിലേക്കും വഴിതിരിച്ചുവിട്ടിരുന്നു. ഗോ എയറിന്റെയും ഇൻഡിഗോയുടെയും ഓരോ വിമാനങ്ങൾ വീതം ജയ്പൂരിലേക്കു തിരിച്ചുവിട്ടു. പിന്നീട് എട്ടരയോടെ ഇവ തിരിച്ചു ഡൽഹിയിൽ ഇറങ്ങി. രാജ്യത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഡൽഹിയിൽ ദിവസേനെ 1,200 വിമാനങ്ങളാണു സർവീസ് നടത്തുന്നത്. ഏറ്റവും തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 70 വിമാന സർവീസുകൾ വരെ ഇവിടെ കൈകാര്യം ചെയ്യാറുണ്ട്. മൂന്ന് റൺവേകളാണ് വിമാനത്താവളത്തിനുള്ളത്.