ന്യൂഡൽഹി ∙ മാനഭംഗക്കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ വിവാദ ആൾദൈവം റാം റഹീമിനെ പിന്തുണച്ച് ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ് രംഗത്ത്. വളരെ ദയാലുവായ വ്യക്തിയാണ് റാം റഹീമെന്ന് സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു. റാം റഹീമിനെതിരായ കോടതിവിധിക്കു പിന്നാലെ നിരവധിപേരുടെ മരണത്തിനിടയാക്കി കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
‘ആരുടെ ഭാഗത്താണ് ശരി? റാം റഹീമിനെ ദൈവതുല്യം കാണുന്ന കോടിക്കണക്കിന് ആൾക്കാരുടെ ഭാഗത്തോ മാനഭംഗത്തിന് കേസു കൊടുത്ത പെൺകുട്ടിയുടെ ഭാഗത്തോ? റാം റഹീമിനെ പോലുള്ള മാന്യനായ വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഓർക്കണം’ – സാക്ഷി മഹാരാജ് പറഞ്ഞു.
ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റാം റഹീമിനെതിരായ കോടതിവിധിയെന്നും സാക്ഷി മഹാരാജ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു കാരണക്കാർ വിധി പുറപ്പെടുവിച്ച കോടതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.