സന്യാസി എന്ന ഒറ്റവാക്കു കേൾക്കുമ്പോൾ മനസ്സിൽവരുന്ന രൂപങ്ങളിലൊന്നും ഒതുങ്ങാത്തൊരാൾ. കൂളിങ് ഗ്ലാസും ജാക്കറ്റും നീട്ടിയ താടിമുടിയും തൊങ്ങലുകൾ പിടിപ്പിച്ച ഉടുപ്പുകളും ആരെയും മയക്കുന്ന ചിരിയും ചേർന്ന ആനച്ചന്തമാണ് കക്ഷിക്ക്. കയ്യിലിരുപ്പ് അത്ര പന്തിയല്ലെങ്കിലും റാം റഹിമിനുവേണ്ടി മരിക്കാൻ ആയിരക്കണക്കിനാളുകൾ തയാറാണ്. ആശ്രമങ്ങളിലെ ഭജനകൾ കണ്ടുശീലിച്ചവരെ അമ്പരിപ്പിക്കും, റോക്ക് സ്റ്റൈലിൽ ആടിപ്പാടുന്ന ഈ ന്യൂ ജെൻ സന്യാസി.
ദേര സച്ചാ സൗദ (ഡിഎസ്എസ്) തലവൻ ഗുർമീത് റാം റഹിം സിങ് വാക്കുകൾക്കും വിവരണങ്ങൾക്കും അതീതനാണ്. അത്രയും വിശാലവും ആഢംബരവുമാണ് അദ്ദേഹത്തിന്റെ ജീവിതം. വിവിഐപി പദവിയും ഇസെഡ് കാറ്റഗറി സുരക്ഷയുമുള്ള രാജ്യത്തെ 36 പേരിലൊരാളാണു ഗുർമീത് റാം റഹിം സിങ് എന്നുകൂടി അറിയുക. സർക്കാരിന്റെ സംരക്ഷണം കൂടാതെ തനിക്കായി പ്രത്യേകം സുരക്ഷാസേനയെയും അദ്ദേഹം കൊണ്ടുനടക്കുന്നു. ആത്മീയ നേതാവ്, സാമൂഹിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, പാട്ടുകാരൻ, അഭിനേതാവ്, സിനിമാ സംവിധായകൻ, കായികതാരം, ആഢംബര പ്രിയൻ, റൈഡർ, വാഹനപ്രേമി എന്നിങ്ങനെ വിവിധ മേഖകളിലായി വിളയാടുകയാണ് ഇദ്ദേഹം.
∙ 10 കളികൾ, 53 ലോക റെക്കോർഡ്
ചില്ലറ കളിക്കാരനൊന്നുമല്ല ഗുർമീത് റാം റഹിം സിങ്. വോളിബോൾ, കബഡി, ലോൺ ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബോൾ, ബില്യാഡ്സ്, ടേബിൾ ടെന്നിസ്, സ്നൂക്കർ, ബാസ്ക്കറ്റ് ബോൾ, വാട്ടർ പോളോ തുടങ്ങിയ കായിക ഇനങ്ങളെല്ലാം റാം റഹിമിന് കളിക്കാനറിയാമെത്രേ. തീർന്നില്ല, 53 ലോക റെക്കോഡുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. അതു പക്ഷെ കളിയുടെ പേരിലല്ല, അദ്ദേഹത്തിന്റെ വിപുലമായ മറ്റു മേഖകളിലെ സംഭാവനകൾക്കു കിട്ടിയതാണ്.
യുകെ ആസ്ഥാനമായ വേൾഡ് റെക്കോഡ്സ് യൂണിവേഴ്സിറ്റി ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവന വായിച്ചാൽ ഏവരും ഞെട്ടും. ‘വിവിധ വിഭാഗങ്ങളിലായി 53 ലോക റെക്കോർഡുകളാണ് റാം റഹിമിനുള്ളത്. ഇതിൽ 17 എണ്ണം ഗിന്നസ് റെക്കോർഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോർഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോർഡും രണ്ടെണ്ണം ലിംക റെക്കോർഡുമാണ്. ഇതെല്ലാം പരിഗണിച്ചാണ് ബാബാജിക്ക് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകുന്നത്’. പോരേ പൂരം !
∙ മാതാപിതാക്കളുടെ ഏക മകൻ
1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് ജനനം. മഘർ സിങ്, നസീബ് കൗർ എന്നിവരുടെ ഏക മകൻ. പിതാവിനെ കൃഷിയിൽ സഹായിക്കാനായി ആറാം വയസ്സിൽ ട്രാക്ടർ ഓടിച്ചുതുടങ്ങി. ഭേപാരവ മസ്താനജി മഹാരാജ് 1948ൽ രൂപീകരിച്ച ദേര സച്ചാ സൗദയിൽ കുടുംബവും അംഗമാണ്. ഇതിന്റെ രണ്ടാമത്തെ മേധാവി ഷാ സത്നാംജിയുടെ ഭക്തനായിരുന്നു പിതാവ്. അങ്ങനെ ഗുർമീത് സിങ്ങും ദേര സച്ചാ സൗദയിൽ സജീവമായി. 1990ൽ റാം റഹിമിനെ തന്റെ പിൻഗാമിയായി സത്നം പ്രഖ്യാപിച്ചു. 23–ാം വയസ്സിൽ ദേര സച്ചാ സൗദയുടെ മൂന്നാമത്തെ മേധാവിയായി. ഇന്നത്തെ ഗുർമീത് റാം റഹിം സിങ്ങിലേക്കുള്ള വളർച്ച ഇവിടെനിന്നാണ്.
∙ റാം റഹിമിന് കേരളവും പ്രിയം
വിശ്രമത്തിനും ധ്യാനത്തിനുമായി ഉലകം ചുറ്റുന്നത് ഇദ്ദേഹത്തിനു ഇഷ്ടമാണെന്ന് അനുയായികൾ പറയുന്നു. ഭൂപ്രകൃതി ഇഷ്ടമായതിനാൽ ഒന്നിലേറെ തവണ അദ്ദേഹം കേരളത്തിലും വന്നുതാമസിച്ചിട്ടുണ്ട്. മൂന്നാറും കുമരകവും വാഗമണ്ണും റാ റഹിമിന്റെ ഇഷ്ടകേന്ദ്രങ്ങളാണ്.
2014 മേയിൽ വാഗമണ്ണിൽ വന്നപ്പോൾ സ്വകാര്യ റിസോർട്ടിലാണു ധ്യാനത്തിലിരുന്നത്. അതിനു മുൻപ് 2012 ജൂലൈയിലും റാം റഹിം കേരളത്തിലെത്തി. അന്നു കുമരകത്തേക്കായിരുന്നു സന്ദർശനം. ആലപ്പുഴ ചേന്നവേലിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചശേഷമാണ് അദ്ദേഹം കുമരകത്തെ സ്വകാര്യ റിസോർട്ടിലേക്കു മാറിയത്. 2010ൽ മൂന്നാർ ചിന്നക്കനാലിലേക്കാണു വന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പൊലീസ് വാഹനങ്ങളടക്കം അൻപതോളം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര.
വൻസുരക്ഷയാണ് ഓരോ വരവിലും റാം റഹിമിനായി ഒരുക്കിയിരുന്നത്. ബ്ലാക്ക് ക്യാറ്റ്, സ്വകാര്യ സെക്യൂരിറ്റി സേന എന്നിവയുൾപ്പെടെ നൂറ്റൻപതോളം അനുയായികൾക്കു പുറമേ ജില്ലാ പൊലീസിന്റെ നേതൃത്വത്തിലും വലിയ സുരക്ഷാ സന്നാഹം നിയോഗിക്കപ്പെട്ടു. ജില്ലാ ആംഡ് റിസർവിന്റെ ആംഡ് ഗാർഡും എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്‌ഥനും മുഴുവൻ സമയം ഒപ്പമുണ്ടായിരുന്നു. പുറത്തു യാത്ര ചെയ്യുമ്പോൾ സിഐ റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പൈലറ്റ് വാഹനവും രണ്ടു സ്‌റ്റേഷനുകളിലെ എസ്‌ഐമാരുടെ എസ്‌കോർട്ടും. രാത്രികാലങ്ങളിൽ താമസപരിസരത്തു പ്രത്യേക പൊലീസ് പട്രോളിങ്ങും ഏർപ്പെടുത്തി.
∙ റേഞ്ച് റോവർ, എസ്‌യുവി, ബുള്ളറ്റ്
റാം റഹിമിന്റെ ആഢംബരപ്രിയം കണ്ടാൽ ബോളിവുഡ് താരങ്ങൾ പോലും നാണിച്ചുപോകും. സിനിമാസ്റ്റൈലിൽ പ്രത്യക്ഷപ്പെടുന്നതിൽ വലിയ ത്രില്ലാണ് റാം റഹിമിനെന്ന് ആരാധകരും വിശ്വാസികളും പറയുന്നു. എല്ലായിപ്പോഴും അണിഞ്ഞൊരുങ്ങിയേ നടക്കൂ. ഷാരൂഖ് ഖാനെപ്പോലെ ചോക്ളേറ്റ് ആണ് താനെന്നും അവകാശപ്പെടാറുണ്ട്. സിനിമകളിൽ ആടിപ്പാടുമ്പോൾ അദ്ദേഹത്തിന് ആവേശമാകുന്നതും എസ്ആർകെയാണ്. ഫുൾടൈം ഹാപ്പിയാണ് കക്ഷി. ഖലിസ്ഥാൻ വാദികളുമായി അടുപ്പമുണ്ടാക്കിയും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.
അതീവ സുരക്ഷയും വിവിഐപി പരിഗണനയും അദ്ദേഹം ശല്യമായല്ല, അലങ്കാരമായാണ് കാണുന്നത്. രാഷ്ട്രീയക്കാർ പൊതുവെയും ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ പ്രത്യേകവും തന്നെ വണങ്ങണമെന്നും അദ്ദേഹത്തിനു നിർബന്ധമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നിരവധി സ്ഥാനാർഥികളാണ് അനുഗ്രഹം തേടി റാം റഹിമിന്റെ അടുത്തെത്തിയത്. എല്ലായിപ്പോഴും ബിജെപിക്കാണ് റാം റഹിം പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് അനുയായികൾ ഉള്ളതിനാൽ രാഷ്ട്രീയക്കാർ സ്വാമിക്കുമുന്നിൽ തല കുമ്പിടുന്നതിൽ അതിശയമില്ല. സ്വാമിയുടെ ഒറ്റവാക്കിൽ വോട്ടുകൾ അടപടലേ മറിയുമെന്ന് രാഷ്ട്രീയക്കാർക്ക് അറിയാം. അതാണ് റാം റഹിമിന്റെ തുറുപ്പുചീട്ടും.
റോക്ക് സ്റ്റാർ ബാബ എന്നു വിളിപ്പേരുള്ള ഗുർമീതിന് വാഹനങ്ങളോടും വല്യ പ്രിയമാണ്. നൂറിലധികം വാഹനങ്ങളാണ് ഇദ്ദേഹത്തിന് സദാസമയം അകമ്പടി സേവിക്കുക. സ്വന്തം മേഖലയ്ക്കു പുറത്തായാൽ നൂറില്ലെങ്കിലും അൻപതെങ്കിലും വാഹനങ്ങൾ അകമ്പടിക്കു വേണമെന്നത് റാ റഹിമിന് നിർബന്ധമാണ്. റേഞ്ച് റോവർ എസ്‌യുവി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്ന ശീലവുമുണ്ട്. 16 ബ്ലാക്ക് എൻഡവറുകളുണ്ട്. ലക്ഷക്കണക്കിനു രൂപ വിലയുള്ള മോട്ടോർ ബൈക്കുകളും ബുള്ളറ്റുകളും സ്വന്തം. യാത്രകളിൽ സ്ത്രീഭക്തർ ഉറപ്പായും ഉണ്ടായിരിക്കണമെന്നതും നിർബന്ധം. എപ്പോഴും തന്റെ ഫോട്ടോ എടുക്കുന്നതാണ് മറ്റൊരു ഭ്രമം. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള റാ റഹിം പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും ഫോട്ടോകളും നിമിഷങ്ങൾക്കകം വിശ്വാസികളും ആരാധകരും ഏറ്റെടുത്ത് വൈറലാക്കും.
∙ സിനിമയിലും സകലാകലാവല്ലഭൻ
‘ദൈവ’മായതു കൊണ്ടാകണം സിനിമയിലും സകല റോളിലും റാം റഹിം തന്നെ കൈവച്ചത്. ‘എംഎസ്ജി: മെസഞ്ചർ ഓഫ് ഗോഡ്’ എന്ന സിനിമയിൽ അദ്ദേഹം ദൈവത്തിന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് പ്രത്യക്ഷപ്പെട്ടത്. ജാട്ടു എൻജിനീയർ, ഹിന്ദി കാ നാപക് കോ ജവാബ്, എംഎസ്ജി ദി വാരിയർ ലയൺ ഹാർട്ട്, എംഎസ്ജി2–ദി മെസഞ്ചർ, എംഎസ്‍ജി ദി മെസഞ്ചർ എന്നീ സിനിമകളാണ് റാം റഹിമിന്റേതായി റിലീസ് ചെയ്തിട്ടുള്ളത്. എല്ലാം ആരാധകർ ഹിറ്റാക്കി കൊടുത്തു. യു ട്യൂബിലും സിനിമകളും സിനിമയിലെ പാട്ടുകളും ഹിറ്റാണ്. എംഎസ്‍ജി ദി മെസഞ്ചർ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ഇറങ്ങിയത്. ഏഴു പാട്ടുകളുണ്ട് ഈ സിനിമയിൽ. ആക്‌ഷൻ, സാഹസികത, ദേശസ്നേഹം, കോമഡി എന്നിവയാണ് സിനിമകളുടെ കാതൽ. പാട്ടുകളും നൃത്തവും ഒട്ടും കുറയ്ക്കാറില്ല. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, നായകൻ, നിർമാണം, സംവിധാനം തുടങ്ങിയ മേഖലകളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതാണു സ്റ്റൈൽ. ഭാവിയിലും സിനിമയിൽ സജീവമാകാനാണ് റാം റഹിമിന്റെ തീരുമാനം.
∙ സംഗീത ആൽബങ്ങളും മെഗാഹിറ്റ്
റോക്ക് സ്റ്റാർ ബാബ എന്ന വിളിപ്പേരിനുപിന്നിൽ ഇദ്ദേഹത്തിന്റെ സംഗീത ആൽബങ്ങൾക്കും പങ്കുണ്ട്. ആറോളം ആൽബങ്ങളാണ് ഇദ്ദേഹം പുറത്തിറക്കിയത്. പശ്ചാത്യ ആൽബങ്ങളുടെ ചുവടുപിടിച്ചുള്ള വേഗമേറിയ താളത്തിലാണ് പാട്ടുകൾ കൂടുതലും ഒരുക്കിയിട്ടുള്ളത്. ആൽബങ്ങളെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോയത്. താങ്ക് യു ഫോർ ദാറ്റ്, ഇൻസാൻ, ലൗ റബ് സേ, ഹൈവേ ലൗവ് ചാർജർ, നെറ്റ്‌വർക് തേരാ ലൗ കാ, ചാഷ്മ യാർ കാ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. ലൗ ചാർജർ എന്ന ഗാനം റാം റഹിം ആലപിക്കുന്നത് നേരിട്ടുകാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് എത്തിയത്. സംഗീത പരിപാടി വലിയ സംഭവമാക്കുന്നതിൽ ആരാധകരുടെ പങ്കും ചെറുതല്ല.
∙ പറഞ്ഞാൽ തീരില്ല, സ്വാമീ..
ഇതൊക്കെ റാ റഹിമിന്റെ ചില വിശേഷങ്ങൾ മാത്രം. അദ്ദേഹം എന്തൊക്കെയാണ് എന്നു പറയുന്നതിനേക്കാൾ എളുപ്പം എന്തൊക്കെയല്ല എന്നുള്ളതാണെന്ന് അനുയായികൾ വ്യക്തമാക്കുന്നു. നാലു മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഹണിപ്രീത് ഇൻസാൻ, ചരൺപ്രീത് ഇൻസാൻ, അമർപ്രീത് ഇൻസാൻ, ജസ്മീത് ഇൻസാൻ എന്നിവർ. ലൈംഗിക തൊഴിൽനിന്ന് പെൺകുട്ടികളെ മോചിപ്പിച്ച് സ്വന്തം മക്കളാക്കി വിവാഹം ചെയ്തുകൊടുക്കുന്നതും ഇദ്ദേഹത്തിന്റെ സേവനങ്ങളിൽപ്പെടുന്നു. ശുഭ്ദേവി എന്ന പേരിലുള്ള ഈ പദ്ധതി പ്രകാരം 1500 യുവതികളെ കുടുംബജീവിതത്തിലേക്കു പറിച്ചുനട്ടു. വിദ്യാഭ്യാസത്തിനായി സുഖ്ദുവാ സമാജ്, മെഗാ ക്ലീൻ പ്രോഗ്രാം, സ്ത്രീ വിമോചനം, ദാരിദ്യ നിർമാർജനം, രക്തദാനം, പ്രകൃതി സംരക്ഷണം, ഓട്ടമൊബീൽ, ആരോഗ്യസംരക്ഷണം അങ്ങനെ നീണ്ടുകിടക്കുകയാണ് റാം റഹിമിന്റെ പ്രവർത്തനങ്ങൾ.
താൻ ഫെമിനിസ്റ്റാണെന്നും സ്ത്രീധനമുൾപ്പെടെയുള്ളവ നിരോധിക്കണമെന്നും സ്വാമിക്ക് അഭിപ്രായമുണ്ട്. ഭാര്യ–ഭർതൃബന്ധവും കുടുംബ ജീവിതവും എങ്ങനെ നന്നായി മുന്നോട്ടു കൊണ്ടുപോകാമെന്നും റാം റഹിം അനുയായികളെ പഠിപ്പിക്കുന്നു.