കംഗാരുക്കളെ കുടഞ്ഞ് കടുവകൾ; ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

ധാക്ക∙ ഷക്കീബ് അൽഹസൻ ബോളുമായി അവതാരമെടുത്തപ്പോൾ ബംഗ്ലദേശിന് സമ്മാനമായി കിട്ടിയത് ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ആദ്യ ജയം. 20 റൺസിനാണ് ബംഗ്ലാദേശ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് വിജയമെന്ന റോക്കോർഡാണു ധാക്കയിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ ബംഗ്ലാകടുവകൾ സ്വന്തമാക്കിയത്.

265 റൺസ് വിജയലക്ഷ്യവുമായാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് കളിക്കാനിറങ്ങിയത്. എന്നാൽ, 20 റൺസ് അകലെവച്ച് കംഗാരുക്കളെ കടുവകൾ പൂട്ടി. 244 റൺസ് എടുക്കുന്നതിനിടെ ഓസ്ട്രേലിയയുടെ ഭടൻമാരെയെല്ലാം ബംഗ്ലാദേശ് തിരിച്ചയച്ചു. രണ്ട് ഇന്നിങ്സുകളിലായി 10 വിക്കറ്റ് പിഴുതെടുത്ത ഷക്കീബ് അൽഹസന്റെ മികവിലാണു ബംഗ്ലാദേശിന്റെ ചരിത്രജയം. 

അവസാന ദിവസം 109 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയക്ക് 37 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ സ്കോർ ഏഴിന് 199. ഭക്ഷണശേഷം 66 റൺസ് എന്ന ചെറിയ സ്കോറിനായി കളത്തിലിറങ്ങിയ ഓസ്ട്രേലിയയുടെ പദ്ധതികളെ തൈജുൽ‌ ഇസ്‌ലാമിന്റെ ബോളുകൾ തകർത്തുകളഞ്ഞു. ഓസ്ട്രേലിയൻ നിരയിൽ ഡേവിഡ് വാർണർ 112 റൺസും സ്റ്റീവ് സ്മിത്ത് 37 റൺസും നേടി. ബംഗ്ലദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 260 റൺസ് പിന്തുടർന്ന ഓസീസ് 217 റൺസിനു പുറത്തായിരുന്നു.